home bannerKeralaNationalNewsNews

ധീരസൈനികന് യാത്രാമൊഴി:വൈശാഖിന്‍റെ മൃതദേഹം സംസ്‍ക്കരിച്ചു

കൊല്ലം: രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ ധീര സൈനികൻ വൈശാഖിന് വീരോചിത യാത്രയയപ്പ് നൽകി ജന്മനാട്. പൂഞ്ചിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിന് അന്ത്യ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ തടിച്ച് കൂടിയത്. പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്‍റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്. വൈശാഖ് പഠിച്ച കുടവട്ടൂർ എൽപി സ്കൂളിലേക്ക് വിലാപയാത്ര എത്തിയപ്പോഴേക്കും വന്ദേമാതരം വിളികളാൽ മുഖരിതമായിരുന്നു അന്തരീക്ഷം.

ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ടുള്ള ആൾക്കൂട്ടമാണ് വൈശാഖിന് അന്ത്യോപചാരം അർപ്പിക്കാൻ സ്കൂളിൽ എത്തിയത്. ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന സർക്കാരിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു. പൊതുദർശനം അവസാനിപ്പിച്ച് വൈശാഖിന്‍റെ വീട്ടിലേക്ക് ദേശീയ പതാക പുതപ്പിച്ച് ഭൗതികശരീരം മാറ്റുമ്പോഴും വൻ ജനാവലി അനുഗമിച്ചു.

വൈശാഖിന്‍റെ അമ്മയുടെയും സഹോദരിയുടെയും സങ്കടം തടിച്ചു കൂടിയ ആൾക്കൂട്ടത്തിലെ ഓരോ മനുഷ്യരുടെയും നൊമ്പരമായി. തുടർന്ന് സൈന്യത്തിലെ സഹപ്രവർത്തകർ ഔദ്യോഗിക യാത്രാമൊഴി നൽകി. പിന്നാലെ ഭൗതികശരീരം സംസ്ക്കരിച്ചു. ഇരുപത്തി നാലാം വയസിൽ നാടിനായി ജീവൻ ബലി നൽകിയ വൈശാഖ് ഇനി ഇന്ത്യൻ സൈനിക സൈനിക ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മ. പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker