ന്യൂയോര്‍ക്ക്: യുഎസിലെ ഓഫീസുകൾ ഒഴിഞ്ഞുകൊടുക്കുന്ന തിരക്കിലാണ് നിലവിൽ മെറ്റയും മൈക്രോ സോഫ്റ്റും.വാഷിങ്ടണിലെ സിയാറ്റിലിലും ബെൽവ്യൂവിലുമുള്ള ഓഫീസുകൾ കമ്പനി ഒഴിഞ്ഞു തുടങ്ങിയെന്ന് സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. സാങ്കേതികവിദ്യാ രംഗത്തെ മാറ്റങ്ങളാണ് ഓഫീസ് ഒഴിയാൻ കമ്പനിയെ പ്രേരിപ്പിച്ചത്.
സിയാറ്റിൽ ഡൗണ്ടൗണിലെ ആറ് നിലകളുള്ള ആർബർ ബ്ലോക്ക് 333 ലും ബെല്ലെവുവിലെ സ്പ്രിംഗ് ഡിസ്ട്രിക്റ്റിലെ 11 നിലകളുള്ള ബ്ലോക്ക് 6 ലുമുള്ളവയാണ് ഒഴിയുന്നത്. മെറ്റ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥീരികരിച്ചത്.
ബെൽവ്യൂവിലെ 26 നില സിറ്റി സെന്റർ പ്ലാസ ഒഴിയാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ജൂൺ 2024 ന് ലീസ് അവസാനിക്കും. പിന്നീട് ഇത് പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം. റിമോട്ട് വര്‌ക്കിന് മികച്ച സ്വീകാര്യത ലഭിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതിനൊപ്പം സാങ്കേതിക വ്യവസായ രംഗത്തെ പ്രതിസന്ധി കൂടി ടെക്മേഖലയെ ബാധിച്ചതോടെ പല കമ്പനികളും കൂട്ടപ്പിരിച്ചുവിടൽ നടത്തി.
ഇത് ജീവനക്കാരുടെ എണ്ണം കുറയാനുള്ള കാരണമായി. സിയാറ്റിൽ മേഖലയിൽ മാത്രം 726 ജീവനക്കാരെയാണ് മെറ്റ നവംബറിൽ പിരിച്ചു വിട്ടത്.കോവിഡ് ലോക്ക്ഡൗൺ കാലത്താണ് മെറ്റയും, മൈക്രോസോഫ്റ്റും ഉൾപ്പടെയുള്ള കമ്പനികൾ വർക്ക് ഫ്രം ഹോം അനുവദിച്ചത്. വർക്ക് ഫ്രം ഹോമിന് പ്രാധാന്യം നൽകി റിക്രൂട്ട്മെന്റ് നടത്തുന്നതും വ്യാപകമാവുന്നുണ്ട്.
ആർബർബ്ലോക്ക് 33 യിലെ മുഴുവൻ നിലയും ഇപ്പോൾ മെറ്റയുടെ കയ്യിലാണ്. ബ്ലോക്ക് 6 മുഴുവനായി ഏറ്റെടുത്ത് ഈ വർഷം അവസാനത്തോടെ തുറക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. നിലവിൽ സിയാറ്റിലിൽ മാത്രം കമ്പനിയ്ക്ക് 29 കെട്ടിടങ്ങളും 8000 ജീവനക്കാരുമുണ്ട്.
ജീവനക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്താനാണ് സിറ്റി സെന്റർ പ്ലാസ ഒഴിയുന്നതെന്ന് മൈക്രോസോഫ്‌റ്റ് പറഞ്ഞു. കമ്പനിയുടെ റെഡ്മണ്ട് കാമ്പസിന്റെ നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാവും. അതൊടൊപ്പം കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഇവിടം വിട്ടൊഴിയാനുള്ള കാരണമായി പറയപ്പെടുന്നു.