കൊച്ചി: ഇന്നലെ പുറത്തുവിട്ട എറണാകുളം ജില്ലയിലെ കൊവിഡ് ബാധിതരുടെ കണക്കുകളില്‍ പിഴവുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇന്നലെ ജില്ലയില്‍ മൊത്തം 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഡാറ്റ എന്‍ട്രി നടക്കാതിരുന്നതാണ് കാരണമെന്ന് പിഴവിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു. 35 പേരുടെ ലിസ്റ്റ് സാങ്കേതിക കാരണങ്ങളാല്‍ ഉള്‍പ്പെടുത്താനായില്ലെന്ന് മന്ത്രി പറഞ്ഞു. ചെല്ലാനത്ത് ഇതുവരെ 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ഇന്ന് മാത്രം 326 ടെസ്റ്റുകള്‍ നടത്തി. ചെല്ലാനത്ത് കൊവിഡ് സെന്റര്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകള്‍ക്ക് പ്രത്യേക എസ്ഒപി പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് രോഗവ്യാപനം രൂക്ഷമായ ചെല്ലാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 23നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. പ്രദേശത്തേക്ക് ആരോഗ്യ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍, പൊലീസ് എന്നിവരടങ്ങിയ റാപിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകും.
പഞ്ചായത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു കിലോ അരിയുടെ വിതരണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ എത്തിച്ചു നല്‍കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കും.