ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ചെന്നൈ: വികെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. കാഞ്ചീപുരത്ത് 144 ഏക്കര്‍ ഫാം ഹൗസ്, ചെന്നൈ അതിര്‍ത്തിയിലെ 14 ഏക്കര്‍ ഭൂമി, മൂന്ന് വസതികള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബിനാമി കമ്പനികളുടെ പേരിലാണ് സ്വത്തുക്കള്‍ ശശികല വാങ്ങിയിരുന്നത്. ഇളവരിശിയുടേയും സുധാകരന്റെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ പേരിലായിരുന്നു സ്വത്തുകള്‍.
ശശികല ചെന്നൈയില്‍ എത്തിയതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ നടപടി. ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു. ബംഗളൂരുവില്‍ നിന്ന് 21 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ഒടുവിലാണ് ശശികല ചെന്നൈയിലെത്തിയത്. 62 ഇടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.
എംജിആര്‍ വസതിയിലാണ് ശശികല ആദ്യമെത്തിയത്. എം ജി ആറിന്റെ വസതി സന്ദര്‍ശിച്ച ശശികല അദ്ദേഹത്തിന്റെ പ്രതിമയില്‍ ഹാരം അണിയിച്ച് പ്രാര്‍ത്ഥിച്ച് ശേഷമാണ് മടങ്ങിയത്. പ്രവര്‍ത്തകരെ എല്ലാം ഉടന്‍ നേരിട്ടുകാണുമെന്ന് ശശികല പ്രതികരിച്ചു. ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല താമസിക്കുക. ജയ സമാധിയിലേക്കുളള റാലി തത്ക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.
ബംളരൂരു മുതല്‍ ചെന്നൈ വരെ നീണ്ട ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് ശശികല. അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി അണ്ണാ ഡി എം കെയിലെ കൂടുതല്‍ എം എല്‍ എമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
അതേസമയം, ശശികലയ്ക്ക് യാത്ര ചെയ്യാന്‍ പാര്‍ട്ടി കൊടിവച്ച വാഹനം നല്‍കിയ യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പടെ ഏഴ് പേരെ അണ്ണാ ഡി എം കെയില്‍ നിന്ന് പുറത്താക്കി. അണ്ണാ ഡി എം കെയെ വഞ്ചിച്ചവരാണ് ശശികലയ്ക്ക് സഹായം നല്‍കിയവരെന്ന് ഇ പി എസ് ആരോപിച്ചു. വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ വിശ്വസ്തരെ ഇപിഎസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.