കൊച്ചി: പുനര്‍ജനി കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാത്രിയായാല്‍ പിണറായി വിജയന്റെ കാലുപിടിക്കുന്ന സുരേന്ദ്രനാണ് ഇതു പറയുന്നത്. കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രനും മകനും ഒഴിവായിപ്പോയത് പിണറായിയുടെ കാലുപിടിച്ചിട്ടാണെന്നും സതീശന്‍ ആരോപിച്ചു.
പുനര്‍ജനിക്കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. കേസിനകത്ത് ഒന്നുമില്ലെന്നറിയുന്നതുകൊണ്ട് നീട്ടിനീട്ടിക്കൊണ്ടുപോകുന്നു. അത്രനാളെങ്കിലും തനിക്കെതിരേ കേസുണ്ടെന്ന് പറയാമല്ലോ. രാത്രിയായാല്‍ പിണറായിയുടെ കാലുപിടിക്കുന്ന സുരേന്ദ്രനാണ് ഇത് പറയുന്നത്. മാസപ്പടി വിഷയത്തില്‍ ഇ.ഡി.യെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സുരേന്ദ്രന്റെ പാര്‍ട്ടി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോ? ലൈഫ് മിഷന്‍ വിഷയത്തിലും പിണറായിക്കെതിരേ അന്വേഷണമില്ല.
ലാവ്‌ലിന്‍ കേസ് എത്രയോ തവണ മാറ്റിവെച്ചു. കേസില്‍ സി.ബി.ഐ. 35 തവണ സുപ്രീംകോടതിയില്‍ ഹാജരായില്ല. സുരേന്ദ്രന്റെ പാര്‍ട്ടിയും പിണറായിയും തമ്മിലുള്ള ഒത്തുതീര്‍പ്പാണിത്. സുരേന്ദ്രന് വല്ല സ്വാധീനവും കേന്ദ്രത്തിലുണ്ടെങ്കില്‍ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ.യോട് ഒന്ന് സുപ്രീംകോടതിയില്‍ ഹാജരാകാന്‍ പറയാമോ എന്നും സതീശന്‍ ചോദിച്ചു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി.യുടെ ലക്ഷ്യം. കോണ്‍ഗ്രസ് വിരുദ്ധതയാണ് കേരളത്തിലെ സി.പി.എമ്മിന്റെ അജണ്ട. ഇത് രണ്ടുംകൂടി കേരളത്തില്‍ ഒന്നിച്ചുചേരുകയാണ്. കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയുടെ കൂടെ ഇന്ത്യ മുന്നണി വിപുലീകരിക്കാന്‍ ഓടിനടക്കുകയാണ് യെച്ചൂരി. കേരളത്തിലെത്തുമ്പോള്‍ ബി.ജെ.പി.യുടെ കൂടെയാണെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സന്തതസഹചാരിയും ദേശാഭിമാനി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായിരുന്നയാളാണ് കൈതോലപ്പായയില്‍ പണം കടത്തിക്കൊണ്ടുപോയതായി ആരോപണമുന്നയിച്ചിട്ടുള്ളത്. അതില്‍ ഒരന്വേഷണവും നടക്കുന്നില്ല. വിഷയത്തില്‍ ഇപ്പോള്‍ വാദിയെ പ്രതിയാക്കുകയാണ്.
ആരോപണമുന്നയിച്ചതിന് മാത്യു കുഴല്‍നാടന്റെ വീട്ടില്‍ സര്‍വേ നടത്തുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സത്യവാങ്മൂലം നല്‍കിയപ്പോള്‍ ആക്ഷേപമില്ലാതിരുന്ന ഒരാള്‍ക്കെതിരേ ഇപ്പോള്‍ ആരോപണമുന്നയിച്ച് നടപടി സ്വീകരിക്കുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍റെയും തന്റെയും പേരില്‍ കേസെടുത്തതിന്റെയും കാര്യം അതാണ്. മിണ്ടാതിരുത്താനാണ് ശ്രമിക്കുന്നത്. മിണ്ടാതിരിക്കാന്‍ മുഖ്യമന്ത്രിക്കു മാത്രമേ കഴിയൂ എന്നും സതീശന്‍ പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ നിയമപരമായ നടപടി സ്വീകരിക്കും. രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം. അക്കാര്യം അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. രാഹുല്‍ കേരളത്തില്‍നിന്ന് പോകില്ലെന്നാണ് വിശ്വാസം. പോകരുതെന്നാണ് ആഗ്രഹമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ സതീശന്‍ പറഞ്ഞു.
ജയ്ക്ക് സി. തോമസിനെ താൻ നാലാം കിട നേതാവെന്ന് വിളിച്ചെന്ന സിപിഎം നേതാവ് ഡോ. തോമസ് ഐസകിന്‍റെ ആരോപണത്തിനും വി.ഡി സതീശൻ ഫേയ്സ്ബുക്ക് കുറിപ്പിൽ മറുപടി നൽകി. എവിടെ വച്ച്, എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും തോമസ് ഐസക് അത് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.