Crimehome bannerKeralaNews

ഇടത് കൈയ്യില്‍ രണ്ട് തവണ കടിയേറ്റ പാട്, മരണം വിഷം നാഡീവ്യൂഹത്തിനെ ബാധിച്ച്; ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: കൊല്ലം അഞ്ചല്‍ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഉത്രയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കൈയ്യില്‍ രണ്ട് തവണ കടിയേറ്റ പാടുകളുണ്ട്. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. ആന്തരിക അവയവങ്ങള്‍ കൂടുതല്‍ രാസ പരിശോധനക്കായി കെമിക്കല്‍ ലാബിലേക്ക് അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം, കേസില്‍ പ്രതി സൂരജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു. വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടേണ്ടിവന്നുവെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

പാമ്പുകടിയിലൂടെ ഭാര്യയെ കൊലപ്പെടുത്താന്‍ സൂരജ് പദ്ധതിയിട്ടത് മാസങ്ങള്‍ക്കു മുമ്പാണ്. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ യൂ ട്യൂബ് വീഡിയോകള്‍ സൂരജ് പതിവായി കാണാറുണ്ടായിരുന്നെന്ന് സൈബര്‍ പരിശോധനയില്‍ പൊലീസ് കണ്ടെത്തി. പതിവായി വിളിക്കാറുള്ള പാമ്പുപിടിത്തക്കാരന്‍ ചിറക്കര ചാവരു കാവ് സുരേഷിലേക്ക് അന്വേഷണം നീണ്ടു.

ദിവസം 34 തവണ വരെ സൂരജ് ഇയാളെ വിളിച്ചിട്ടുണ്ട്. അണലി , മൂര്‍ഖന്‍ എന്നിവയെ 15000 രൂപ വാങ്ങി സൂരജിന് നല്‍കിയെന്ന് സുരേഷ് സമ്മതിച്ചു. അണലിയെ ഫൈബ്രുവരി 26 ന് സൂരജിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. അണലി കടിയേറ്റ് ഉത്ര 56 ദിവസം തിരുവല്ല പുഷ്പഗിരിയില്‍ ചികിത്സയിലായിരുന്നു. പ്ലാസ്റ്റിക് സര്‍ജറിയൊക്കെ ചെയ്താണ് ഏപ്രില്‍ 22 ന് ഡിസ് ചാര്‍ജ് വാങ്ങി ഉത്രയെ അഞ്ചല്‍ ഏറത്തെ വീട്ടിലെത്തിച്ചത്. ആദ്യശ്രമം പരാജയപ്പെട്ടതിനാല്‍ ജാറിലടച്ച മൂര്‍ഖനുമായി സൂരജെത്തി.

മേയ് 6 ന് അര്‍ധരാത്രി ഒരു മണിയോടെ ഉത്ര ഉറങ്ങിയെന്ന് ഉറപ്പാക്കി മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് വലതു കൈത്തണ്ടയില്‍ രണ്ടു തവണ കടിപ്പിച്ചു മരണം ഉറപ്പാക്കി. പാമ്പിനെ തിരികെ ജാറിലാക്കാന്‍ സൂരജ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജനാല തുറന്നിട്ട് പാമ്പ് അതുവഴി അകത്തു കയറിയെന്ന് വരുത്താനും ഇയാള്‍ ശ്രമിച്ചു. അടുത്ത ദിവസം പുലര്‍ച്ചെ അമ്മയാണ് ഉത്രയെ മരിച്ച നിലയില്‍ കാണുന്നത്. ഉത്രയുടെ സഹോദരനൊപ്പം സൂരജ് പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ചിടുകയും ചെയ്തു. തെളിവുകള്‍ അവശേഷിപ്പിക്കാത്തതിനാല്‍ രക്ഷപ്പെടുമെന്ന് സൂരജ് കരുതിയെങ്കിലും പൊലീസ് പിന്നാലെയുണ്ടായിരുന്നു. സഹോദരിയുടെ സുഹൃത്തിന്റെ വസതിയില്‍ ഒളിവു ജീവിതം നയിക്കുമ്പോഴാണ് സൂരജ് പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker