യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്; പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് നീളുന്നു. ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജും രണ്ടാം പ്രതി പാമ്പുപിടുത്തക്കാരനായ സുരേഷും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇവരില്‍ നിന്നു വിശദമായ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്ന നടപടികള്‍ ഇന്ന് നടക്കും. ഒപ്പം കൂടുതല്‍ ശാസ്ത്രീയ തെളിവുകളും ശേഖരിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.
നാല് ദിവസത്തേക്കാണ് പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ ദിവസങ്ങള്‍ കൊണ്ട് പരമാവധി തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. സൂരജിന്റെ വീട്ടുകാരിലേക്കും അന്വേഷണം നീങ്ങും.
എന്നാല്‍ അടൂര്‍ പറക്കോട് ഉള്ള സൂരജിന്റെ വീട്ടില്‍ ഇവരെ ഇന്ന് തെളിവെടുപ്പാനായി കൊണ്ടുപോകാന്‍ ഇടയില്ല. നാളെയാവും ഇവരെ അടൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുക. മെയ് 29 ന് വൈകുന്നേരം 4.30 നാണ് പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്. ഇന്നലെ കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രതികളെ തിരികെ കൊണ്ടുപോകാന്‍ എത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി.
അതേസമയം ഉത്രയുടെ കാണാതായ കുഞ്ഞിനെ കണ്ടെത്തി. ഭര്‍ത്താവിന്റെ ബന്ധുവീട്ടിലായിരുന്ന കുഞ്ഞിനെ അടൂരുള്ള സൂരജിന്റെ വീട്ടിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. ഇന്നലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉത്രയുടെ കുഞ്ഞിനെ ഏറ്റു വാങ്ങാനായി അടൂരിലെ സൂരജിന്റെ വീട്ടിലേക്ക് അഞ്ചല്‍ പോലീസ് എത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ഉത്രയുടെ അമ്മ മണിമേഖല പറയുന്നത്. ഇന്ന് തന്നെ ഉത്രയുടെ ഒന്നര വയസുകാരനായ മകനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ ആണ് പോലീസ് സ്വീകരിക്കുന്നത്.