CrimeKeralaNews

ഉത്രയെ കാെല്ലാനുള്ള പാമ്പിനെ പാമ്പ് പിടുത്തക്കാരൻ സുരേഷ് കൈമാറിയത് സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മുന്നിൽവെച്ച്,അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കിൽനിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി, കുടുംബം ഒന്നടങ്കം അകത്തു പോയേക്കും

കൊല്ലം: അഞ്ചലിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പുകടിപ്പിച്ച് കാെന്ന കേസിൽ കുടുംബത്തിനും പങ്കുണ്ടെന്ന് സൂചന നൽകി ഒന്നാം പ്രതി സൂരജ്.തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ അമ്മയുടെയും സഹോദരിയുടെയും പങ്ക് സൂരജ് വ്യക്തമാക്കിയതായാണ് സൂചന. സൂരജിന്റെ സുഹൃത്തായ പാമ്പുപിടുത്തക്കാരൻ സുരേഷ്, വീട്ടിലെത്തിയാണ് ഉത്രയെ ആദ്യം കടിച്ച അണലിയെ കൈമാറിയത്.

ഇതിന് അമ്മയും സഹോദരിയും സാക്ഷിയാണെന്നാണ് സൂരജ് പൊലീസിനോട് സമ്മതിച്ചത്. ഇതോടെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരെയും പ്രതിചേർക്കുമെന്നാണ് സൂചന. വീട്ടിൽ കണ്ടത് ചേരയാണെന്നും അതിനെ താൻ കൊണ്ടിട്ടതല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്.

അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കിൽനിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി. ഏറെ ശ്രമപ്പെട്ട് സൂരജ് തന്നെ പാമ്പിനെ പിടികൂടി ചാക്കിലാക്കി വിറകുപുരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനുശേഷമാണ് ഒരു ദിവസം പാമ്പിനെ സ്റ്റെയർകേസിൽ കൊണ്ടിട്ടത്.

ഉത്രയോട് മുകളിലുള്ള ഫോൺ എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ പാമ്പിനെ കണ്ട ഉത്ര ഭയന്നു നിലവിളിച്ചു. ഉടൻതന്നെ പാമ്പിനെ സൂരജ് പിടികൂടി പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു. ഈ പാമ്പിനെ ഉപയോഗിച്ചുതന്നെയാണ് മാർച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചത്.നേരത്തെ വീട്ടിൽ പാമ്പിനെ കണ്ടപ്പോൾ സൂരജ് ഇതിനെ കയ്യിലെടുത്തതായി ഉത്ര മാതാപിതാക്കളെ അറിയിച്ചിരുന്നു. ഈ സംഭവും കാെലപാതകമെന്ന സംശയത്തിലേക്ക് കുടുംബത്തെ നയിച്ചിരുന്നു.

അന്ന് ഉത്ര കൊല്ലപ്പെടുമെന്നാണ് സൂരജ് പ്രതീക്ഷിച്ചത്. എന്നാൽ ചികിത്സയിലൂടെ ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇതോടെയാണ് രണ്ടാമത് മൂർഖൻ പാമ്പിനെ സുരേഷിൽനിന്ന് സൂരജ് വാങ്ങിയത്. കൊല്ലം-പത്തനംതിട്ട അതിർത്തിപ്രദേശമായ ഏനാത്തുവെച്ചാണ് മൂർഖനെ സൂരജ് കൈപ്പറ്റിയത്. ഇതിന് പിന്നാലെ മെയ് ആറിന് രാത്രി അഞ്ചൽ ഏറത്തുള്ള വീട്ടിൽവെച്ച് സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തി. ഈ സംഭവം വലിയ വാർത്തയായതോടെ സുരേഷിനെ സമീപിച്ച് പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് സൂരജ് ആവശ്യപ്പെട്ടു. ഈ വിവരങ്ങളെല്ലാം സഹോദരിയോട് പറഞ്ഞിരുന്നതായാണ് സൂരജ് ഇപ്പോൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതോടെ സൂരജിന്‍റെ സഹോദരിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.

കൂടാതെ സൂരജിനെ ഒളിവിൽപ്പോകാൻ സഹായിച്ചതും നിയമവിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കിയതും സഹോദരിയാണെന്ന് വ്യക്തമായിട്ടുണ്ട്. സഹോദരിയുടെ ആൺസുഹൃത്തിന്‍റെ വീട്ടിലാണ് സൂരജ് ആദ്യം ഒളിവിൽ പോയത്. ഫോൺ രേഖകളിൽനിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ സഹോദരിയുടെ സുഹൃത്തിനെയും അവിടേക്ക് കൊണ്ടുപോയ സൂരജിന്‍റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. മതിയായ തെളിവുകൾ ലഭിച്ചാൽ സഹോദരി ഉൾപ്പടെ കൂടുതൽ പേരെ പ്രതികളായി ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker