ചെങ്കടലില്‍ ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച് യുഎസ് സൈന്യം; 3 ബോട്ടുകള്‍ മുക്കി, 10 പേരെ വധിച്ചു
കെയ്‌റോ:ചെങ്കടലില്‍ ചരക്കുകപ്പലിനു നേരെ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണം ചെറുത്ത അമേരിക്കന്‍ സൈനിക ഹെലികോപ്റ്ററുകള്‍ മൂന്നു ബോട്ടുകള്‍ മുക്കുകയും 10 ഹൂതികളെ വധിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് അതിശക്തമായ കടല്‍പ്പോര് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
സിംഗപ്പുര്‍ പതാകവഹിച്ച കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുഎസ്എസ് ഐസന്‍ഹോവര്‍, യുഎസ്എസ് ഗ്രാവെലി എന്നീ യുദ്ധക്കപ്പലുകളില്‍നിന്ന് ഹെലികോപ്റ്റുകള്‍ മേഖലയില്‍ എത്തി ഹൂതികള്‍ക്കു നേരെ ശക്തമായ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം 48 മണിക്കൂര്‍ നിര്‍ത്തിവച്ചതായി കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ചതു കൊണ്ടാണ് കപ്പല്‍ ആക്രമിച്ചതെന്ന് ഹൂതി വക്താക്കള്‍ അറിയിച്ചു.
ഡെന്‍മാര്‍ക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെ ശനിയാഴ്ചയാണ് ആദ്യം മിസൈലാക്രമണം ഉണ്ടായത്. തുടര്‍ന്നാണ് 2 യുഎസ് യുദ്ധക്കപ്പലുകള്‍ സഹായത്തിനെത്തിയത്. ഹൂതികള്‍ അയച്ച 2 മിസൈലുകള്‍ വെടിവച്ചിട്ടതായും യുഎസ് അവകാശപ്പെട്ടു. മിസൈലാക്രമണം നടന്നു മണിക്കൂറുകള്‍ക്കുശേഷം ഇതേ കപ്പലിനെ ഹൂതികളുടെ 4 സായുധ ബോട്ടുകള്‍ വളഞ്ഞു.
സഹായത്തിനെത്തിയ യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ക്കു നേരെ ഹൂതികള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നു നടത്തിയ പ്രത്യാക്രമണത്തില്‍ 3 ബോട്ടുകള്‍ മുക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ബോട്ടുകളിലുണ്ടായിരുന്ന ഹൂതികളും കൊല്ലപ്പെട്ടു.
ശനിയാഴ്ച മിസൈലാക്രമണത്തില്‍ കപ്പലിലുണ്ടായ തീ പിന്നീട് അണച്ചു. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം നിര്‍ത്തും വരെ ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം തുടരുമെന്നാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിലപാട്.