വാഷിങ്ടൺ: വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക് ജനുവരി 19-നകം തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ആപ്പിളിനും കത്തയച്ച് യു.എസ്. കോൺഗ്രസ് അംഗങ്ങൾ.
ജനപ്രതിനിധിസഭയിലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഹൗസ് സെലക്ട് കമ്മിറ്റി ചെയർമാൻ ജോൺ മുലെനേറും റാങ്കിങ് അംഗവും ഇന്ത്യൻ വംശജനുമായ രാജാകൃഷ്ണമൂർത്തിയുമാണ് കത്തയച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ടിക് ടോക്കിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചത്. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസുമായുള്ള ബന്ധം ടിക് ടോക് വിച്ഛേദിച്ചില്ലെങ്കിൽ ജനുവരിയിൽ സമ്പൂർണനിരോധനമേർപ്പെടുത്തുമെന്നാണ് വ്യവസ്ഥ.
ഉപയോക്താക്കളുടെ വിവരം ചോർത്തുന്നു, ഉള്ളടക്കങ്ങളിൽ കൃത്രിമത്വം നടത്തുന്നു, ദേശസുരക്ഷയെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. അതിനിടെ, അടുത്തമാസം പ്ലാറ്റ്‌ഫോം നിരോധിക്കാനുള്ള നീക്കം വൈകിപ്പിക്കണെന്നാവശ്യപ്പെട്ട് ടിക് ടോക് നൽകിയ അപ്പീൽ വെള്ളിയാഴ്ച യു.എസ്. കോടതി തള്ളി.