FootballNewsSports

‘മെസ്സിവിളയാട്ടം’ മേജര്‍ സോക്കര്‍ ലീഗിന്‌ നാളെ ആരംഭം;ടിക്കറ്റ് നിരക്കിൽ നാലിരട്ടി വർധന

ന്യൂയോര്‍ക്ക്: യു.എസിലെ മേജര്‍ സോക്കര്‍ ലീഗ് ഫുട്‌ബോളിന്റെ 29-ാം പതിപ്പിന് വ്യാഴാഴ്ച കിക്കോഫ്. ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലേക്കുള്ള വരവോടെ വമ്പൻമാറ്റങ്ങൾക്ക് വിധേയമായ എം.എല്‍.എസ്. സീസണിനാണ് തുടക്കമാകുന്നത്. ഉദ്ഘാനമത്സരത്തില്‍ ലയണല്‍ മെസ്സി നയിക്കുന്ന ഇന്റര്‍ മയാമി മുന്‍ ജേതാക്കളായ റയല്‍ സാള്‍ട്ട്‌ലേക്കിനെ നേരിടും. രാവിലെ 6.30-നാണ് മത്സരം.

ഫുട്‌ബോള്‍ലോകം യു.എസിലേക്ക് ഉറ്റുനോക്കുന്ന വര്‍ഷങ്ങള്‍കൂടിയാണ് വരാനിരിക്കുന്നത് എന്നതിനാല്‍ എം.എല്‍.എസിന് പ്രാധാന്യമേറും. ഈവര്‍ഷത്തെ കോപ്പ അമേരിക്ക, 2025 ക്ലബ്ബ് ലോകകപ്പ്, 2026 ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ യു.എസിലാണ് നടക്കുന്നത്. മെസ്സിയുടെ സാന്നിധ്യം എം.എല്‍.എസിലുള്ളതും ശ്രദ്ധയാകര്‍ഷിക്കും.

2023 ജൂലായ് 15-നാണ് മെസ്സി ഇന്റര്‍ മയാമിയിലെത്തിയത്. ഫുട്‌ബോള്‍ ലോകകപ്പ് ജയിച്ച അര്‍ജന്റീനാ നായകന്റെ വരവ് യു.എസ്. ആഘോഷമാക്കി. മേജർ ലീഗ്‌ സോക്കറിന്റെയും ഇന്റർ മയാമിയുടെയും വിപണിമൂല്യവും ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ക്ലബ്ബ് ജേഴ്സിക്കായി ആരാധകർ നെട്ടോട്ടമോടി.

സൂപ്പര്‍താരത്തിന് പിന്നാലെ ബാഴ്‌സ സഹതാരങ്ങളായ സെര്‍ജി ബുസ്‌കെറ്റ്‌സ്, ജോര്‍ഡ് ആല്‍ബ, ലൂയി സുവാരസ് തുടങ്ങിയവരും ക്ലബ്ബിലെത്തി. എം.എല്‍.എസില്‍ തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന മയാമിയെ വിജയവഴിയിലെത്തിക്കാന്‍ മെസ്സിക്ക് സാധിച്ചു. ഇതിനിടെ ലീഗ്‌സ്‌ കപ്പില്‍ ആദ്യമായി മയാമി കിരീടം സ്വന്തമാക്കി. ഈയിടെ, ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ മെസ്സി മയാമിയിലേക്ക് ക്ഷണിച്ചിരുന്നു. നെയ്മര്‍കൂടിയെത്തിയാല്‍ ബാഴ്‌സയിലെ പഴയ എം.എസ്.എന്‍. ത്രയം (മെസ്സി-സുവാരസ്-നെയ്മര്‍) വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ലോകം.

29 ടീമുകളാണ് കളിക്കുന്നത്. ഒരോ ടീമിനും 34 മത്സരങ്ങളുണ്ടാകും.

മെസി വന്ന ശേഷം ലീഗിന് വന്ന മാറ്റങ്ങള്‍

1. ലീഗിലെ പ്രമുഖ 10 ടീമുകളുടെ കളി കാണാനുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം വര്‍ധിച്ചു

2. ടിക്കറ്റ് വില്‍പ്പനയില്‍ 159 ഇരട്ടിയോളം വര്‍ധന

3. ഈ സീസണിലെ ടിക്കറ്റിനുവേണ്ടി 44 രാജ്യങ്ങളില്‍നിന്നുള്ള ആരാധകര്‍ സമീപിച്ചു. അവസാന സീസണില്‍ ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു ടിക്കറ്റ് വാങ്ങിയത്

4. ടിക്കറ്റ് കരസ്ഥമാക്കുന്നതില്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ അര്‍ജന്റീന രണ്ടാമത്

5. ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെടുന്ന 10 കളികളിലും ഒരുഭാഗത്ത് ഇന്റര്‍ മയാമി

6. ഇന്റര്‍ മയാമിയുടെ ഒരു മത്സരം കാണാന്‍ 8295 രൂപയാണ് കുറഞ്ഞ തുക. കൂടിയത് ഒരുലക്ഷം രൂപയും.

നേരത്തേ, മെസ്സിയുടെ അരങ്ങേറ്റമത്സരത്തിന് 90 ലക്ഷം രൂപ ചെലവഴിച്ച് ടിക്കറ്റ് സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു.

7. മെസ്സി ഇന്റര്‍ മയാമിയിലെത്തിയതോടെ പ്രതിവര്‍ഷം 1120 കോടി രൂപ പ്രതിഫലം ലഭിക്കും. മയാമിയുടെ ശമ്പളത്തിനുപുറമേ ആപ്പിള്‍ ടി.വി.യുമായും എം.എല്‍.എസുമായുള്ള കരാര്‍ തുകയും ഇതിലുള്‍പ്പെടും.

8. മേജര്‍ ലീഗ് സോക്കര്‍ വിപണിമൂല്യം 9614 കോടി രൂപയായി

9. ഇന്റര്‍ മയാമി ക്ലബ്ബ് വിപണിമൂല്യം 681 കോടി രൂപ

10. സാമൂഹികമാധ്യമങ്ങളില്‍ ഇന്റര്‍ മയാമി ഫോളോവേഴ്‌സിന്റെ എണ്ണം 30 ലക്ഷത്തില്‍നിന്ന് 2.26 കോടിയായി

11. മേജര്‍ ലീഗ് സോക്കറിന്റെ ആഗോളാടിസ്ഥാനത്തിലുള്ള സംപ്രേഷണാവകാശം പത്തുവര്‍ഷത്തേക്ക് ആപ്പിള്‍ ടി.വി. നേടിയത് 20,738 കോടി രൂപയ്ക്ക്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker