NationalNews

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ അമേ രിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനവും അമൃത്സറിലെത്തി; വിമാനത്തില്‍ 119 പേര്‍

അമൃത്സര്‍: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി രണ്ടാമത്തെ സൈനിക വിമാനം അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തി. 119 പേരുമായി എത്തിയ വിമാനം അമൃത്സറിലാണ് എത്തിയത്. ഇവരെ സ്വീകരിക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍, കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു എന്നിവര്‍ ഇവരെ സ്വീകരിക്കാന്‍ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി.

വിമാനമിറക്കാന്‍ അമൃത്സര്‍ തിരഞ്ഞെടുത്തതിലെ വിവാദങ്ങള്‍ക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തില്‍ എത്തിയത്. ഇത്തവണയും അമേരിക്കന്‍ സൈനിക വിമാനത്തില്‍ തന്നെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.

പഞ്ചാബില്‍ നിന്നുള്ള 67 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫെബ്രുവരി 15, 16 ദിവസങ്ങളിലായി രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

തിരിച്ചയക്കപ്പെടുന്നവരില്‍ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബില്‍ നിന്ന് 67 പേര്‍, ഹരിയാനയില്‍ നിന്ന് 33 പേര്‍, ഗുജറാത്തില്‍ നിന്ന് 8 പേര്‍, ഉത്തര്‍ പ്രദേശില്‍ നിന്ന് 3 പേര്‍, മഹാരാഷ്ട്രാ 2, ഗോവ 2, രാജസ്ഥാന്‍ 2, ഹിമാചല്‍ പ്രദേശ് 1, ജമ്മുകശ്മീര്‍ 1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്കെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെക്‌സിക്കോ അടക്കമുള്ള പാതകളിലൂടെ അമേരിക്കയിലെത്തിയവരാണ് തിരിച്ചയക്കപ്പെടുന്നത്. അമൃത്സറിലേക്ക് എത്തുന്ന രണ്ടാമത്തെ വിമാനം ആകും ഇത്. ഫ്രെബ്രുവരി 5നാണ് യുഎസ് സൈനിക വിമാനത്തില്‍ 104 ഇന്ത്യക്കാരെ തിരികെ എത്തിച്ചത്. യുദ്ധ വിമാനത്തില്‍ കാലുകളും കൈകളും വിലങ്ങിട്ട നിലയില്‍ ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കാതെ 40 മണിക്കൂറുകള്‍ യാത്ര ചെയ്താണ് 104 പേരെ അന്ന് അമേരിക്ക ഇന്ത്യയിലെത്തിച്ചത്. ഇതിനെതിരെ രാജ്യത്താകമാനം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

അതേസമയം അനധികൃതമായി യുഎസില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വിശദമാക്കിയിരുന്നു. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആര്‍ക്കും അവിടെ ജീവിക്കാന്‍ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവന്‍ ബാധകമാണെന്ന് നരേന്ദ്ര മോദി അമേരിക്കയിലെ ദ്വിദിന സന്ദര്‍ശനത്തിനിടെ വിശദമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker