BusinessNews

ഇടപാട് 2000 രൂപയ്ക്ക് മുകളിലാണോ? യുപിഐയില്‍ ഇനി വേഗം കുറയും പണം അയക്കുന്നതിനുള്ള നിയന്ത്രണം ഇങ്ങനെ

മുംബൈ: ഓൺലൈനില്‍ പണം അയക്കാത്തവര്‍ ഇന്ന് ഉണ്ടാവില്ല. ലോകത്തെ നല്ലൊരു വിഭാഗം ആളുകളും യുപിഐ ഐഡി ഇടപാടുകള്‍ക്കായി ഉപയോഗിക്കാറുണ്ടാവും. അതിവേഗം പണം അയക്കാന്‍ സാധിക്കും എന്നതാണ് ഇതിനുള്ള സൗകര്യം. രാജ്യത്ത് ഡിജിറ്റല്‍ വിപ്ലവം തന്നെയുണ്ടായത് ഈ ഗൂഗിള്‍ പേയും ഫോണ്‍ പേയും അടക്കമുള്ള യുപിഐ ഐഡികള്‍ കാരണമാണ്.

എന്നാല്‍ യൂനിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് യുപിഐ ഇടപാടുകളെ മൊത്തം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഇടപാടിനാണ് വലിയ മാറ്റം വരുന്നത്. മിനിമം ടൈം ഫ്രെയിം ആദ്യ ഇടപാടുകള്‍ക്ക് കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആദ്യ ഇടപാടിനാണ് ഈ ടൈം ഫ്രെയിം കൊണ്ടുവരുന്നതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.

ഓണ്‍ലൈന്‍ ഇടപാടുകളിലെ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ തീരുമാനമെടുക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് ഓണ്‍ലൈന്‍ ഇടപാടുകളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. രണ്ടായിരം രൂപയ്ക്ക് മുകളിലാണ് ഇടപാടുകളെങ്കില്‍ നാല് മണിക്കൂറോളം ആ ഇടപാടുകള്‍ വൈകുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിങ്ങള്‍ ഒരു യൂസറുമായി ഇതുവരെ ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന് കരുതുക.

അയാളുമായി നടത്തുന്ന ആദ്യ ഇടപാട് രണ്ടായിരം രൂപയില്‍ കൂടുതലാണെങ്കില്‍ നാല് മണിക്കൂറോളം വരുന്ന സമയ പരിധിയാണ് ഉണ്ടാവുക. ഇത്രും സമയമെടുത്ത് മാത്രമേ ആ പണം ആദ്യമായി പണം അയക്കുന്ന വ്യക്തിയില്‍ നിന്ന് മറ്റൊരു യൂസറിലേക്ക് എത്തൂ. ഡിജിറ്റല്‍ പേമെന്റുകളില്‍ കൂടുതല്‍ സങ്കീര്‍ണ ഈ തീരുമാനം കൊണ്ടുവരുമെന്ന് ഉറപ്പാണ്. എന്നാല്‍ സൈബര്‍ സുരക്ഷയെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു.

അതുകൊണ്ടാണ് നിയമം കടുപ്പിക്കുന്നത്. പലതരത്തിലുള്ള ഡിജിറ്റല്‍ പേമെന്റ് രീതികള്‍ക്ക് ഇത് ബാധകമാകും. ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് അഥവാ ഐഎംപിഎസ്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് എന്ന ആര്‍ടിജിഎസ്, യുപിഐ എന്നിവയെ എല്ലാം ഇത് ബാധിക്കും. ഇടപാടുകളുടെ വേഗം കുറയ്ക്കാനോ നിയന്ത്രിക്കാനോ അല്ല പുതിയ നിയമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഈ രീതി പിന്തുടരുന്നുണ്ട്. രണ്ട് യൂസര്‍മാര്‍ തമ്മിലുള്ള ആദ്യ ഇടപാടുകളെ കൃത്യമായി നിരീക്ഷിക്കുകയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചെയ്യുന്നത്. നിലവില്‍ പുതിയൊരു യുപിഐ ഐഡിയുണ്ടാക്കിയാല്‍ പരമാവധി അയ്യായിരം രൂപ വരെ ആദ്യ 24 മണിക്കൂറില്‍ അയക്കാന്‍ സാധിക്കും. എന്‍ഇഎഫ്ടിയില്‍ ബെനിഫിഷ്യറിയെ ചേര്‍ത്താല്‍ 50000 രൂപ വരെ 24 മണിക്കൂറിനുള്ളില്‍ അയക്കാന്‍ സാധിക്കും.

ചൊവ്വാഴ്ച്ച നടന്ന ഒരു യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. വ്യാപാരികളുമായിട്ടായിരുന്നു ചര്‍ച്ച. ആര്‍ബിഐ അടക്കം നിരവധി പബ്ലിക്-പ്രൈവറ്റ് സെക്ടര്‍ ബാങ്കുകള്‍, ടെക് കമ്പനികളായ ഗൂഗിള്‍, റേസര്‍പേ അടക്കമുള്ളവരും യോഗത്തിലുണ്ടായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button