ന്യൂഡൽഹി: യു.പി.ഐ. വഴിയുള്ള പണമിടപാടുകൾക്ക് ഭാവിയിൽ വൻകിട വ്യാപാരികൾ സർവീസ് ചാർജ് നൽകേണ്ടിവരുമെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) ചെയർമാൻ ദിലീപ് അസ്‌ബെ. മൂന്നുവർഷത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.പി.ഐ. ഉപയോഗിച്ചുള്ള വ്യക്തിഗത പണമിടപാടുകൾക്ക് ഇത് ബാധകമല്ല.
ഓൺലൈൻ വാലറ്റുകൾപോലെയുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റുകൾ (പി.പി.ഐ.) വഴി 2,000 രൂപയ്ക്കുമുകളിലുള്ള പ്രത്യേക മർച്ചന്റ് യു.പി.ഐ. ഇടപാടുകൾ നടത്തുന്നതിന് 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ഈടാക്കുമെന്ന് എൻ.പി.സി.ഐ. വ്യക്തമാക്കിയിരുന്നു. ഇത് ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലായിട്ടുണ്ട്.
ഒരുവർഷമായി പണമിടപാടുകൾ നടത്താത്ത യു.പി.ഐ. ഐ.ഡി.കൾ ജനുവരിഒന്നുമുതൽ പ്രവർത്തനരഹിതമാകുമെന്നും എൻ.പി.സി.ഐ. വ്യക്തമാക്കിയിരുന്നു. കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2022-23 സാമ്പത്തികവർഷം 13,462 കോടിരൂപയുടെ യു.പി.ഐ. ഇടപാടുകളാണ് നടന്നത്. ഈ സാമ്പത്തികവർഷം ഡിസംബർ 11 വരെ നടന്ന യു.പി.ഐ. പണമിടപാടുകൾ 11,660 കോടിയാണ്.