ന്യൂഡല്‍ഹി വനിതാ ഡോക്ടറെ ക്രൂര ബലാത്സംഗത്തിരയാക്കിയ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച തെലുങ്കാന പോലീസിന്റെ നടപടിയിൽ നവ മാധ്യമങ്ങളിലടക്കം ആഘോഷം തുടരുമ്പോൾ ഉത്തർപ്രദേശിൽ നിന്നും വീണ്ടും സങ്കട വാർത്ത. ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിനിരയാവുകയും പിന്നീട് പ്രതികള്‍ തീവയ്ക്കുകയും ചെയ്ത പെണ്‍കുട്ടി മരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതര നിലയിലായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ വ്യാഴാഴ്ചയാണ് ലക്നൗവിൽ നിന്നും ഡൽഹിയിലെ സഫ്ദർജങ്ങ് ആശുപത്രിയിലെത്തിച്ചത്. കൂട്ടബലാത്സംഗത്തിനിരയായി പരാതി നൽകിയതിന്റെ പേരിലാണ് പ്രതിക്കളടങ്ങുന്ന അഞ്ചംഗ സംഘം പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയില്‍ നിന്ന് പിന്മാറാന്‍ പ്രതികള്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, കൂട്ടാക്കാതിരുന്ന യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു.
ഉന്നാവോയിലെ ഹിന്ദുനഗറില്‍വച്ച് അഞ്ചംഗസംഘമാണു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികള്‍. ഇതില്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018ല്‍ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
സംഭവത്തിൽ മുഴുവൻ പ്രതികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാൻ യു.പി. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.