മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതുവര്‍ഷ ഓഫര്‍ പ്രഖ്യാപിച്ചു. 2025 രൂപ വില വരുന്ന ന്യൂ ഇയര്‍ പ്ലാനാണിത്. എന്തൊക്കെയാണ് ജിയോയുടെ 2025 രൂപ പ്ലാനിന്‍റെ സവിശേഷതകള്‍ എന്ന് വിശദമായി നോക്കാം.
200 ദിവസമാണ് റിലയന്‍സ് ജിയോയുടെ 2025 രൂപ പ്ലാനിന്‍റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് 5ജി നെറ്റ്‌വര്‍ക്കാണ് ജിയോ 2025 രൂപ പ്ലാനിലൂടെ വച്ചുനീട്ടുന്നത്. ആകെ 500 ജിബി 4ജി ഡാറ്റ ഇതിന് പുറമെയുണ്ട്. ദിവസം 2.5 ജിബിയാണ് ഉപയോഗിക്കാന്‍ കഴിയുക. 200 ദിവസത്തേക്ക് പരിധിയില്ലാത്ത വോയിസ് കോളും എസ്എംഎസും ലഭിക്കുമെന്നതും 2025 രൂപ പ്ലാനിന്‍റെ പ്രത്യേകതയാണ്.
മാസംതോറും 349 രൂപ കണക്കില്‍ റീച്ചാര്‍ജ് ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ 468 രൂപയുടെ ലാഭം 2025 രൂപ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുമ്പോഴുണ്ട്. അതിനാല്‍ തന്നെ ദീര്‍ഘകാലത്തേക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഗുണകരമായ പ്ലാനാണ് ജിയോ ന്യൂ ഇയര്‍ ഓഫറായി അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമെ പാര്‍ട്‌ണര്‍ കൂപ്പണുകളും ഈ പാക്കേജില്‍ ജിയോ നല്‍കുന്നു. 2150 രൂപയ്ക്ക് ഷോപ്പിംഗും യാത്രയും ഭക്ഷണ വിഭവങ്ങളും ആസ്വദിക്കാനുള്ള സൗകര്യമാണിത്. കുറഞ്ഞത് 2500 രൂപയ്ക്ക് അജിയോയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 500 രൂപ കൂപ്പണ്‍ ഉപയോഗിക്കാം. 499 രൂപയ്ക്ക് മുകളില്‍ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ 150 രൂപ ഓഫ് കിട്ടും. ഈസ്മൈ ട്രിപ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 1500 രൂപയുടെ കിഴിവ് ലഭിക്കും എന്നതാണ് പങ്കാളിത്ത ഓഫറിലുള്ള മറ്റൊരു മെച്ചം.
കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് പുതിയ ഒടിപി നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ട്രായ് ഒടിപി ട്രെയ്സിബിലിറ്റി റൂളിനെ (OTP Traceability Rule) സംബന്ധിച്ച് നിര്‍ദേശം പുറത്തിറക്കിയിരുന്നു.
ഇനി മുതല്‍ നിങ്ങളുടെ മൊബൈലുകളിലേയ്‌ക്കെത്തുന്ന എല്ലാ വാണിജ്യ മെസേജുകള്‍ക്കും ഇതു ബാധകമാണ്. അയതായത് മെസേജ് വന്ന ഉറവിടും നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കള്‍ക്കും ഈ നിയമം ബാധകമായിരിക്കും. സുരക്ഷ വര്‍ധിപ്പിക്കുക, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. സ്പം മെസേജുകള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് ട്രായിയുടെ ലക്ഷ്യമെന്നു വിദഗ്ധര്‍ പറയുന്നു.
ആക്സസ് ദാതാക്കള്‍ ഈ നിയമങ്ങള്‍ പാലിക്കുകയും, അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിഹാരങ്ങള്‍ നടപ്പിലാക്കുകയും ഇതോടകം ചെയ്തിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച്, രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടും. അതായത് സ്പാം മെസേജുകള്‍ തടയപ്പെടും. ഇതിനാവശ്യമായ കാലികമായ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരാന്‍ ട്രായ് നേരത്തേ തന്നെ ടെലികോം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
ഭാരതി എയര്‍ടെല്‍ അടുത്തിടെ എഐ സഹായത്തോടെ ഇത്തരം ഒരു നീക്കം രണ്ടുമാസം മുമ്പ് തന്നെ നടത്തിയിരുന്നു. ഇതോടകം ഏകദേശം 8 ബില്യണ്‍ സ്പാം കോളുകളും, 800 ദശലക്ഷം സ്പാം എസ്എംഎസുകളും തടഞ്ഞെന്നു എയര്‍ടെല്‍ വ്യകതമാക്കുന്നു. പ്രതിദിനം ഒരു ദശലക്ഷത്തോളം സ്പാമര്‍മാരെ തിരിച്ചറിയാന്‍ കഴിഞ്ഞതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സെപ്റ്റംബറില്‍ ആരംഭിച്ച ഡിറ്റക്ഷന്‍ നെറ്റ്വര്‍ക്ക്, സ്പാം എന്നു സംശയിക്കപ്പെടുന്ന കോളുകളെയും, സന്ദേശങ്ങളെയും കുറിച്ച് ഉപഭോക്താക്കള്‍ക്ക് തത്സമയം മുന്നറിയിപ്പ് നല്‍കുന്നതാണ്.
തങ്ങളുടെ നെറ്റ്വര്‍ക്കിലെ കോളുകളില്‍ 6% സ്പാം കോളുകളായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, സ്പാം സന്ദേശങ്ങളുടെ വിഹിതം 2% ആണെന്നും എയര്‍ടെല്‍ കണ്ടെത്തിയിട്ടുണ്ട്. സ്പാമര്‍മാരില്‍ 35 ശതമാനവും ലാന്‍ഡ്ലൈന്‍ ടെലിഫോണുകള്‍ ഉപയോഗിക്കുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്പാം കോളുകളുടെ മുക്കാല്‍ ഭാഗവും പുരുഷ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ്. സാധാരണയായി രാവിലെ 9 മണി മുതലാണ് ഇത്തരം കോളുകളും, മെസേജുകളും സജീവമാകുന്നതെന്നും കണ്ടെത്തി.
ഒടിപി ട്രെയ്സിബിലിറ്റി റൂളിനു പുറമേ, URL -കള്‍, APK -കള്‍, OTT ലിങ്കുകള്‍ എന്നിവയുടെ വൈറ്റ്ലിസ്റ്റിംഗ് സംബന്ധിച്ച ഒരു നിര്‍ദ്ദേശവും ട്രായ് സേവന ദാതാക്കള്‍ക്കു നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദ നടപടികള്‍ ഉടന്‍ പ്രതീക്ഷിക്കാം. ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ ലഭിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ്, നോയിഡ, ഗാസിയാബാദ് എന്നിവയുള്‍പ്പെടെ ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലകളിലും ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും കൂടുതല്‍ സ്പാം കോളുകളുടെ ഉത്ഭവ സ്ഥലവും ഡല്‍ഹി തന്നെ. മഹാരാഷ്ട്രയിലെ മുംബൈ, കര്‍ണാടക എന്നിവയാണ് ഈ ലിസ്റ്റില്‍ തൊട്ടടുത്തുള്ളത്. സ്പാം എസ്എംഎസുകളിലേയ്ക്ക് വരുമ്പോള്‍ ഈ ലിസ്റ്റില്‍ ഒന്നാമത് ഗുജറാത്ത് ആണ്. തുടര്‍ന്ന് കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ്. മുംബൈ, ചെന്നൈ ഉപഭോക്താക്കളാണ് ഇവരുടെ പ്രധാന ടാര്‍ഗറ്റ്. തൊട്ടുപിന്നില്‍ ഗുജറാത്ത് തന്നെ.