രാത്രിയില്‍ വെള്ള പാന്റും ഷര്‍ട്ടും ധരിച്ച് വടിയുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്‍! ജനങ്ങള്‍ പരിഭ്രാന്തിയില്‍
തിരുവനന്തപുരം: പാലോട് തെങ്കാശി പാതയിലെ ഇളവട്ടം മേഖലയില്‍ രാത്രിയില്‍ യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന അജ്ഞാതന്‍ വിലസുന്നു. നാട്ടുകാര്‍ പരിഭ്രാന്തിയില്‍. ഇതോടെ പോലീസ് അജ്ഞാതന് വേണ്ടിയുളള അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ടാപ്പിങിനു പോയ ചില തൊഴിലാളികളാണ് അജ്ഞാതനെ കണ്ടത്. വെള്ള പാന്റും ഷര്‍ട്ടും ധരിച്ചു കൈയില്‍ ഒരു വടിയുമായിട്ടാണ് ഇയാളെ കണ്ടത്. റോഡില്‍ കൂടി പോയ ചിലരെ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
വാര്‍ത്ത പരന്നതോടെ ഇളവട്ടം-ആലുംകുഴി റോഡില്‍ ഇയാളെ കണ്ട സ്ഥലത്തെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവം സത്യമാണെന്നു തെളിഞ്ഞു. ദൃശ്യത്തില്‍, നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ച പിടിച്ചുപറിക്കാരന്‍ തമിഴ്നാട് സ്വദേശി മുത്തുസെല്‍വത്തിന്റെ സാദൃശ്യം തോന്നിയെങ്കിലും വ്യക്തത ആയിട്ടില്ല. പോലീസ് രാത്രികാല തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.