ആകെ ഉണ്ടായിരുന്ന ബൈക്ക് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമ്പോള്‍ അദ്ദേഹത്തിന് ആകെ ഒരു അഭ്യര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളൂ.. തന്റെ മുഖം ആരോടും വെളിപ്പെടുത്തരുത്
ആലപ്പുഴ: വട്ടപ്പള്ളി ജാഫര്‍ ജുമാമസ്ജിദ് മദ്‌റസയില്‍ ആരംഭിച്ച പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ബൈക്ക് നല്‍കുമ്പോള്‍ അയാള്‍ക്ക് ആകെ ഒരു അഭ്യര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ, തന്റെ മുഖം ആരോടും വെളിപ്പെടുത്തരുത്. ദുരന്തബാധിതരുടെ അത്യാവശ്യങ്ങള്‍ക്ക് മുന്നില്‍ തനിക്ക് ബൈക്ക് ഒരാവശ്യമേയല്ലെന്ന് അയാള്‍ക്ക് തോന്നിയതു കൊണ്ടാവണം ബൈക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ശേഷം ആ വലിയ മനുഷ്യന്‍ തിരിഞ്ഞ് നോക്കാതെ നടന്നു നീങ്ങിയത്.
അന്ന് രാത്രി പള്ളിക്ക് മുന്നില്‍ നടന്ന ലേലത്തില്‍ 11,000 രൂപക്ക് ബൈക്ക് വിറ്റുപോയി. ശേഖരിച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കയറ്റി അയച്ചെങ്കിലും പിന്നീട് നാട്ടുകാരടക്കം ബൈക്കിന്റെ ഉടമയാരാണെന്ന് അറിയാനുള്ള കൗതുകമായി. ഇതിനിടയിലാണ് സിനിമ സംവിധായകന്‍ ഗഫൂര്‍ വൈ. ഇല്യാസ് ഇദ്ദേഹം പുറംതിരിഞ്ഞ് നടന്നുപോകുന്ന ഫോട്ടോ, കുറിപ്പോടെ ഫേസ്ബുക്കില്‍ ഇട്ടത്. ആകെയുണ്ടായിരുന്ന ബൈക്ക് പ്രളയ ദുരിതാശ്വാസത്തിന് നല്‍കിയ അങ്ങ് മഹനീയ മാതൃകയാണ് നല്‍കിയതെന്നും ഓരോ ചവിട്ടടിക്കും ദൈവം പ്രതിഫലം നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മുഖം വ്യക്തമാക്കിയില്ലെങ്കിലും അനുവാദമില്ലാതെ ഫോട്ടോ എടുത്തതിനും ഗഫൂര്‍ അദ്ദേഹത്തോട് ക്ഷമയും ചോദിച്ചിട്ടുണ്ട്. വാര്‍ത്തക്കായി അദ്ദേഹത്തെ സമീപിച്ചെങ്കിലും പേരും വിലാസവും പിന്നീടൊരിക്കല്‍ കാണുമ്പോള്‍ പറയാമെന്ന് പറഞ്ഞ് മുഖംതിരിച്ച് അദ്ദേഹം കടന്നുപോയി.