ന്യൂയോര്‍ക്ക്: ലോകം കൊടും പട്ടിണിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യ രാഷ്ട്രസഭ. കൊറോണ കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന നിശ്ചലാവസ്ഥ ലോകത്തെ നിരവധി മേഖലകളെ പട്ടിണിയിലേക്ക് നയിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ജനീവയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ അവലോകനയോഗമാണ് ഭക്ഷ്യ ലഭ്യതയുടെ കുറവ് വിലയിരുത്തിയത്.
<p>പ്രധാന ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചൈന, ഇന്ത്യ, ബ്രസീല്‍, വിയറ്റ്നാം, കംബോഡിയ അടക്കമുള്ള ധാന്യ ഉല്‍പ്പാദന രാജ്യങ്ങളിലെ ലോക് ഡൗണും ഒപ്പം കയറ്റുമതിക്കുള്ള തടസ്സവും ലോകം മുഴുവനുമുള്ള ധാന്യ ലഭ്യതയില്‍ വന്‍ കുറവു വരുത്തുമെന്നാണ് നിഗമനം. കരുതല്‍ ശേഖരം എടുത്തുപയോഗിക്കുന്ന നിലയിലേക്ക് രണ്ടാമത്തെ മാസമായപ്പോള്‍ തന്നെ പല രാജ്യങ്ങളും എത്തിയിരിക്കുകയാണ്.</p>
<p>ലോകത്തെ 87 ലക്ഷം ആളുകള്‍ക്ക് ഐക്യരാഷ്ട്രസഭ നേരിട്ടാണ് ഭക്ഷണം നല്‍കുന്നത്. കൊറോണ മൂലം ധാന്യ ലഭ്യത ഉറപ്പാക്കാന്‍ യുഎന്നിന് സാധിച്ചിട്ടില്ല. അടുത്ത മൂന്ന് മാസത്തേക്ക് ഭക്ഷ്യധാന്യ ശേഖരണം പ്രതിസന്ധിയിലാണെന്നതാണ് യുഎന്നിനെ അലട്ടുന്നത്.</p>
<p>വിവിധ ദരിദ്ര രാജ്യങ്ങളിലെ പട്ടിണി മരണം ഒഴിവാക്കാനെങ്കിലും അടിയന്തിര നടപടികളിലേക്ക് കടക്കാനാണ് ഐക്യരാഷ്ട്രസഭ വികസിത രാജ്യങ്ങളോടടക്കം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.</p>