ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഒന്നിലധികം വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ ഉള്‍പ്പെടെയുള്ളവ അനുമതിയ്ക്കായി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല സമിതിയോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനായി നിലവില്‍ 28000 കോള്‍ഡ് സ്റ്റോറേജുകളുണ്ട്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ മുന്നണി പോരാളികള്‍ക്കാവും വാക്സിന്‍ നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രായലയം വ്യക്തമാക്കിയിട്ടുണ്ട്.