ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്.
കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.’ബാഹി ഖാട്ടാ’എന്നറിയപ്പെടുന്ന തുണിയില്‍ പൊതിഞ്ഞ ടാബ്ലറ്റുമായി രാവിലെ മന്ത്രാലയത്തിന് മുന്നില്‍ ധനമന്ത്രിയും സംഘവും മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന് പിന്നാലെ നിര്‍മല രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് പരമ്പരാഗതമായി പിന്തുടരുന്ന ചടങ്ങിന്റെ ഭാഗമായി രാഷ്ട്രപതി ധനമന്ത്രിക്ക് പഞ്ചസാരയും തൈരും ചേര്‍ത്ത വിഭവമായ ‘ദഹി ചീനി’ നല്‍കി. ബഡ്ജറ്റിന്റെ പ്രധാന ഭാഗങ്ങളും രാഷ്ട്രപതിയുമായി പങ്കുവച്ചു.
തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്ക് ശേഷമാണ് ബഡ്ജറ്റ് അവതരണം തുടങ്ങിയത്. ബഡ്ജറ്റില്‍ സാധാരണക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ആദായ നികുതിയടക്കമുള്ള ഇളവുകള്‍ക്ക് സാദ്ധ്യതയുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷ സൂചന നല്‍കിയിരുന്നു. എല്ലാ ദരിദ്ര, ഇടത്തരം സമൂഹങ്ങള്‍ക്കും ലക്ഷ്മി ദേവീയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ബഡ്ജറ്റിന് മുന്നോടിയായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കും. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കാനും മതപരവും വിഭാഗീയവുമായ വ്യത്യാസങ്ങളില്‍ നിന്ന് മുക്തമാക്കാനുമുള്ള നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞു.