മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്കായി വനനശീകരണം,കേന്ദ്രസംഘം പരിശോധന നടത്തി
കാസര്‍കോട്: മമ്മൂട്ടി നായകനായ ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെ വനനശീകരണം നടത്തിയെന്ന പരാതിയേത്തുടര്‍ന്ന് കേന്ദ്രവനംവകുപ്പ് ഉദ്യോഗസ്ഥര്‍ സിനിമാ ചിത്രീകരണം നടന്ന കാസര്‍കോട് പാര്‍ത്ഥ കൊച്ചി വനമേഖലയില്‍ പരിശോധന നടത്തി.
സിനിമയുടെ ചിത്രീകരണത്തിനായി വനനശീകരണം നടത്തി എന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ചിത്രീകരണം പൂര്‍്ത്തിയായാല്‍ വനമേഖല പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന ഉറപ്പിലാണ് വനത്തില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയത്.
എന്നാല്‍ സിനിമാ ചിത്രീകരണം പൂര്‍ത്തിയായിട്ടും വനഭൂമി പൂര്‍വസ്ഥിതിയിലാക്കിയില്ലെന്ന് കാണിച്ച് ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്റഗ്രേഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമാ ചിത്രീകരണ ആവശ്യത്തിനായി പുറത്ത് നിന്നെത്തിച്ച മണ്ണ് നീക്കം ചെയ്തില്ലെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ വനത്തില്‍ ഉപേക്ഷിച്ചെന്നും സംഘടനയുടെ പരാതിയില്‍ പറയുന്നു.
പരാതിയില്‍ കേന്ദ്ര സര്‍ക്കാറിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു. മാത്രമല്ല കേസില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് കേന്ദ്ര വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറുമെന്നും തുടര്‍നടപടികള്‍ കേന്ദ്ര വനംവകുപ്പ് തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം വനംവകുപ്പിന്റെ വ്യവസ്ഥകള്‍ പാലിച്ചാണ് ചിത്രീകരണം നടത്തിയതെന്നും നിയമം ലംഘിച്ചിട്ടില്ലെന്നും സിനിമയുടെ നിര്‍മ്മാതാവായ കൃഷ്ണന്‍ സേതുകുമാര്‍ പറഞ്ഞു.ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാവോയിസ്റ്റ് മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോയ പോലീസുകാരയാണ് മമ്മൂട്ടിയും മറ്റു താരങ്ങളും വേഷമിട്ടത്.മാവോയിസ്റ്റ് മേഖലയുടെ സെറ്റിട്ടത് കാസര്‍കോട്ടായിരുന്നു.