പാലാ: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് ആശ്വസിക്കാന്‍ മുത്തോലി പഞ്ചായത്ത് മാത്രം. മുത്തോലിയില്‍ മാത്രമാണ് യുഡിഎഫിന്റെ ജോസ് ടോം പുലിക്കുന്നേല്‍ മുന്നിടുന്നത്. ബാക്കി എട്ട് പഞ്ചായത്തിലും മുന്നിടുന്നത് എല്‍ഡിഎഫാണ്. കരൂര്‍, ഭരണങ്ങാനം, കടനാട്, മുന്നിലവ്, രാമപുരം, തലനാട്, മേലുകാവ്, തലപ്പലം എന്നീ പഞ്ചായത്തുകളിലെല്ലാം മാണി സി കാപ്പന്‍ വ്യക്തമായ ഭൂരിപക്ഷം നേടി.
യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രാമപുരം, ഭരണങ്ങാനം, കരൂര്‍, കടനാട് എന്നിങ്ങനെ നിരവധി പ്രദേശങ്ങള്‍ ഇത്തവണ ചുവപ്പണിഞ്ഞു. 1965 മുതല്‍ മാണിക്കൊപ്പം നിന്ന പാല മുനിസിപാലിറ്റിയും ഇത്തവണ യുഡിഎഫിനെ തഴഞ്ഞ് എല്‍ഡിഎഫ് പക്ഷത്തേക്ക് ചേര്‍ന്നിരിക്കുകയാണ്.
3889 വോട്ടിന് ലീഡ് ചെയ്യുകയാണ് നിലവില്‍ മാണി സി കാപ്പന്‍. ഇനി എലിക്കുളം, മീനച്ചില്‍, പാലാ ടൗണ്‍ എന്നിവിടങ്ങളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. കൊഴിവനാലിലെ വോട്ടുകളാണ് നിലവില്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. കൊഴുവനാല്‍ പരമ്പരാഗത യുഡിഎഫ് ശക്തി കേന്ദ്രമാണ്. അവിടെയും ഭൂരിപക്ഷം നിലനിര്‍ത്തുവാനായാല്‍ കാപ്പന്‍ വിജയം ഉറപ്പിക്കും.