സുനിതയുമായുള്ള അടുപ്പത്തിന് പുറമെ വിദ്യയെ കൊല്ലാന്‍ മറ്റൊരു കാരണം കൂടിയുണ്ട്; വെളിപ്പെടുത്തലുമായി ഭര്‍ത്താവ് പ്രേംകുമാര്‍
കൊച്ചി: ഉദയംപേരൂര്‍ കൊലപാതകത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രതി പ്രേംകുമാര്‍. മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം പ്രേംകുമാറും കാമുകി സുനിതയും ചേര്‍ന്നാണ് ചേര്‍ത്തല സ്വദേശിനി വിദ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ വിദ്യയെ കൊന്ന ശേഷം തമിഴ്നാട്ടില്‍ കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചു.
സുനിതയുമായുള്ള അടുപ്പത്തിന് പുറമെ വിദ്യയെ കൊല്ലാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നെന്നാണ് പ്രേംകുമാര്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യയുടെ രണ്ടാം വിവാഹമാണ് പ്രേംകുമാറുമായി നടന്നത്. വിവാഹത്തിന് മുന്‍പ് നേരത്തെയുള്ള ബന്ധത്തില്‍ ഒരു മകള്‍ ഉള്ളതായി വിദ്യ പ്രേംകുമാറിനോട് പറഞ്ഞിരുന്നു. എന്നാല്‍, ആ ബന്ധത്തില്‍ ഒരു മകനുണ്ടായിരുന്നെന്ന കാര്യം വിദ്യ മറച്ചു വെച്ചു. സ്വന്തം മകനെ കസിന്‍ എന്ന് പറഞ്ഞാണ് വിദ്യ പിന്നീട് പ്രേം കുമാറിന് പരിചയപ്പെടുത്തിയത്. വിദ്യയുടെ സ്വന്തം മകനാണ് അതെന്ന് അറിഞ്ഞപ്പോള്‍ വൈരാഗ്യം തോന്നിയെന്നും പ്രേംകുമാര്‍ പോലീസിനോട് വെളിപ്പെടുത്തി. കേരളത്തില്‍ പല സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ പ്രേംകുമാര്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിട്ടുണ്ട്.
മൂവാറ്റുപുഴയില്‍ ഒരു ഹോട്ടലില്‍ പ്രേംകുമാര്‍ ജോലി ചെയ്തു വരുന്നതിനിടെ ഒരു ബന്ധുവിനെ കാണാതെ പോയ സംഭവവുമായി ബന്ധപ്പെട്ട് വിദ്യ ഫോണില്‍ വിളിച്ചു. 15 വര്‍ഷം മുന്‍പ് ഫോണ്‍ കോളിലൂടെ തുടങ്ങിയ ബന്ധമാണ് പിന്നീട് വിവാഹത്തില്‍ കലാശിച്ചത്. കൊച്ചിയിലും തിരുവന്തപുരത്തും ഉള്‍പ്പടെ പല സ്ഥലങ്ങളിലും ഇവര്‍ വാടകക്ക് താമസിച്ചിട്ടുണ്ട്. ഒരുമിച്ചു കഴിയുന്നതിനിടെ നാല് തവണ വിദ്യയെ കാണാതായതായും പ്രേംകുമാര്‍ പോലീസിനോട് പറഞ്ഞു.