കുന്നംകുളം: സിപിഎമ്മിന്റെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊലപ്പെട്ട സംഭവത്തില്‍ പ്രതികളെ സഹായിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ചിറ്റിലങ്ങാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍ എന്നയാളുടെ നേതൃത്വത്തിലാണ് സനൂപിനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. നന്ദന്‍ ഉള്‍പ്പെടെ നാല് പേരാണ് ഒളിവില്‍ കഴിയുന്നത്. ഇവര്‍ പോയതായി സംശയിക്കുന്ന കാര്‍ തിങ്കളാഴ്ച കുന്നംകുളത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കുന്നംകുളം എസിപി സിനോജിന്റെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച സംഘമാണ് കേസന്വേഷിക്കുന്നത്. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ചിറ്റിലങ്ങാട് വച്ച് ഇരു സംഘങ്ങളും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ഗള്‍ഫില്‍ നിന്നും ഈയിടെ തിരിച്ചെത്തിയ നന്ദന്റെ കൂട്ടാളികളായി നാട്ടിലെ ഏതാനും ചെറുപ്പക്കാര്‍ എപ്പോഴും കൂടെയുണ്ടായിരുന്നു.
സംഭവം നടന്ന രാത്രിയില്‍ നന്ദന്റെ നേതൃത്വത്തില്‍ ഇവിടെ മദ്യസല്‍ക്കാരം നടന്നിരുന്നതായും പറയുന്നു. ഇവരുമായി പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വയം രക്ഷക്കായി കൈയില്‍ കത്തികൊണ്ടു നടക്കുന്ന ആളായിരുന്നു നന്ദന്‍. ആഡംബര കത്തിയുടെ ഉറയും സനൂപിന്റെ മൃതദേഹത്തിനരികില്‍നിന്ന് പോലീസിനു ലഭിച്ചിരുന്നു. ഇതുപ്രകാരം സനൂപിനെ കുത്തിയത് നന്ദന്‍ തന്നെയാണെന്നാണ് പോലീസ് കരുതുന്നത്.
സംഭവത്തില്‍ പരിക്കേറ്റ മറ്റു സിപിഎം പ്രവര്‍ത്തകരായ വിബിന്‍, ജിത്തു, അഭിജിത്ത് എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. ഇപ്പോള്‍ ഒളിവിലുള്ളവര്‍ വിവിധ രാഷ്ട്രീയ കക്ഷികളില്‍പെട്ടവരാണെന്നും രാഷ്ട്രീയ കൊലപാതകമല്ല നടന്നിട്ടുള്ളതെന്നുമാണ് ബിജെപിയുടെ വാദം. എന്നാല്‍ പ്രതികളില്‍ പലരും സംഘപരിവാര്‍ നേതൃനിരയിലുള്ളവരാണെന്നാണ് സിപിഎം ആരോപണം.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുന്നതോടെ പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ ചിത്രം വച്ച പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.