തൃശൂരില്‍ എ.ടി.എം കുത്തി തുറന്ന് കവര്‍ച്ചാ ശ്രമം; പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍
തൃശൂര്‍: ആറംങ്ങോട്ടുകരയില്‍ ഗ്രാമീണ്‍ ബാങ്കിന്റെ എ.ടി.എം കുത്തി തുറന്ന് കവര്‍ച്ചാ ശ്രമം നടത്തിയ മോഷ്ടാക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍. അസം സ്വദേശികളായ നിക് പാല്‍ (19) ,ജറൂല്‍ ഇസ്ലാം (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
എടിഎമ്മിന് അര കിലോ മീറ്റര്‍ മാത്രം അകലെ താമസിച്ചിരുന്ന ഇവര്‍ രണ്ട് മാസം മുന്‍പാണ് സിമന്റ് പണിക്കായി ആറംങ്ങോട്ടുകരയിലെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.45 ന് ആണ് മോഷണശ്രമം നടന്നത്.
ചാലിശ്ശേരി പോലീസ് പ്രദേശത്ത് പുലര്‍ച്ചെ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് എടിഎം പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മോഷണശ്രമം നടന്നതായി പോലീസിന് വ്യക്തമായി. കമ്പി പാര ഉപയോഗിച്ച് കുത്തിതുറക്കുന്ന മോഷ്ടാവിന്റെ ചിത്രവും സി.സി.ടി.വിയില്‍ നിന്ന് പോലീസിന് ലഭിച്ചു. ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത് തന്നെ താമസിച്ചിരുന്ന അസം സ്വദേശികളെ പോലീസ് പിടികൂടിയത്.