വയോധികയെ ഓട്ടോയില്‍ വിളിച്ചുകയറ്റി കൊലപ്പെടുത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍
തൃശൂര്‍: വയോധികയെ ഓട്ടോയില്‍ വിളിച്ചുകയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും വിയ്യൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തു. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ തിരൂരില്‍ ബസ്സ് കാത്ത് നിന്നിരുന്ന 70കാരിയായ വയോധികയെ ഓട്ടോറിക്ഷയില്‍ വിളിച്ചുകയറ്റി പ്രതികള്‍ കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് പൂമല ഡാം റോഡ് വഴി പോയി ആളൊഴിഞ്ഞ ഒരു റബ്ബര്‍ എസ്റ്റേറ്റിനുള്ളിലെത്തിയ ശേഷം കഴുത്തില്‍ കയര്‍ കുരുക്കിയ ശേഷം ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് മൂന്നു പവന്റെ മാല മോഷ്ടിക്കുകയും ചെയ്തു. എന്നാല്‍ മാല മുക്കുപണ്ടമാണെന്നു പറഞ്ഞതോടെ ഇവരെ പത്താഴക്കുണ്ട് ഡാമിലെറിഞ്ഞു കൊലപ്പെടുത്താന്‍ ഓട്ടോ ഡ്രൈവറും കൂട്ടാളിയായ യുവതിയും ശ്രമിച്ചു. തന്നെ ഓട്ടോയില്‍ വിളിച്ചു കയറ്റിയതും കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതും പിന്‍സീറ്റിലിരുന്ന യുവതിയാണെന്ന് വയോധിക പറഞ്ഞു.
ഇതിനിടെ നിലവിളിച്ചതോടെ ഇവരെ പ്രതികള്‍ ഡാമിനു സമീപം റോഡരികില്‍ തള്ളിയ ശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരിന്നു. തലയില്‍നിന്നു രക്തമൊലിക്കുന്ന നിലയില്‍ 70 മീറ്ററോളം റോഡിലൂടെ നടന്ന് സമീപത്തെ വീട്ടില്‍ അഭയം തേടിയതുകൊണ്ടു മാത്രമാണ് ഇവരുടെ ജീവന്‍ രക്ഷപ്പെട്ടത്. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീ അപകട നില തരണം ചെയ്തു. സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ ഇല്ലാത്ത ഓട്ടോറിക്ഷ ആ വഴി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. പ്രതികളെ ചോദ്യം ചെയ്തതില്‍ ഇരവരും മേഷണകേസുകളില്‍ നേരത്തെ ശിക്ഷ അനുഭവച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.