KeralaNews

കൊട്ടിയൂര്‍ പീഡനക്കേസില്‍ ട്വിസ്റ്റ്; പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പ്രതി റോബിന്‍ വടക്കുംഞ്ചേരി

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിന്‍ വന്‍ വഴിത്തിരിവ്. പീഡനത്തിന് ഇരയാവുകയും പ്രസവിക്കുകയും ചെയ്ത ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടി പ്രതി റോബിന്‍ വടക്കുംഞ്ചേരി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. പെണ്‍കുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കുറ്റം ചുമത്തിയാണ് കോടതി റോബിനെ ശിക്ഷിച്ചത്. മാനന്തവാടി രൂപത വൈദികനായിരുന്ന റോബിന്‍, കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വികാരിയായിരിക്കേയാണ് പതിനാറുകാരിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ചത്. ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

2019 ഫെബ്രുവരിയിലാണ് തലശേരി പോക്സോ കോടതി റോബിനെ 20 വര്‍ഷം കഠിന തടവിനും മൂന്നു ലക്ഷം രൂപയും ശിക്ഷിച്ചത്. മൂന്നു വകുപ്പുകളിലായി 20 വര്‍ഷം വീതം 60 വര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

പെണ്‍കുട്ടിയെയും കുഞ്ഞിനെയും സരേക്ഷിക്കാമെന്നും ശിക്ഷ പരമാവധി കുറച്ചുനല്‍കണമെന്നും റോബിന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ശിക്ഷ ഇളവ് ചെയ്തില്ല. റോബിനെ സംരക്ഷിക്കാന്‍ കൂട്ടുനിന്ന പെണ്‍കുട്ടിയുടെ അമ്മയ്ക്കും അച്ഛനുമെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. റോബിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം പെണ്‍കുട്ടിയും പ്രകടിപ്പിച്ചിരുന്നു.

2016ലാണ് പതിനാറുകാരിയെ റോബിന്‍ പീഡിപ്പിച്ചത്. കമ്പ്യൂട്ടര്‍ പഠിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പള്ളിമുറിയില്‍ എത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ ഗര്‍ഭം കെട്ടിവയ്ക്കാനും ശ്രമം നടത്തി. പ്രായം തിരുത്താനും ശ്രമം നടത്തിയിരുന്നു.

അതേസമയം, ഇപ്പോള്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചശേഷം പിന്നീട് ശിക്ഷയില്‍ ഇളവ് നേടുന്നതിനുള്ള തന്ത്രമാണ് റോബിന്‍ നടത്തുന്നതെന്ന് സൂചനയുണ്ട്. വിദേശ ബന്ധങ്ങളും സിറോ മലബാര്‍ സഭയിലും രാഷ്ട്രീയ-ഭരണ നേതൃത്വത്തിലും വന്‍ സാധീനവുമുണ്ടായിരുന്ന റോബിന്റെ ഇപ്പോഴത്തെ നിലപാടില്‍ സഭയില്‍ തന്നെ പലര്‍ക്കും സംശയമുണ്ട്. നിലവില്‍ റോബിന് 50 വയസ്സിനു മുകളില്‍ പ്രായമുണ്ട്. പെണ്‍കുട്ടിക്ക് 20 വയസ് എത്തിയെന്നാണ് സൂചന. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രൂപത റോബിനെ സസ്‌പെന്‍ഡു ചെയ്തിരുന്നു. അടുത്ത നാളില്‍ വത്തിക്കാനും വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker