FeaturedHome-bannerKeralaNews

കോട്ടയത്ത് ‘ഇരട്ട’ ഭൂചലനം,മൈക്രോ ട്രെമറെന്നും നിഗമനം,തീവ്രത 2.5 നു മുകളിൽ

കോട്ടയം:അരമണിക്കൂറിന്റെ ഇടവേളയിൽ കോട്ടയത്തിന്റെ പരിസര പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ രണ്ടു ഭൂചലനങ്ങളിൽ വിദഗ്ധർ പഠനം തുടങ്ങി. കോട്ടയത്തിന് നാലു കിലോമീറ്റർ തെക്കായി വൈകിട്ട് ആറരയോടെയായിരുന്നു റിക്ടർ സ്കെയിലിൽ ഏകദേശം 2.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനം. തുടർന്ന് ഏഴുമണിയോടെ റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനവും അനുഭവപ്പെട്ടു.

രണ്ടു ചലനങ്ങളും ഏകദേശം 10 കിലോമീറ്റർ ആഴത്തിൽ നിന്നാണ് പുറപ്പെട്ടിരിക്കുന്നത്. വിദേശത്തും മറ്റുമുള്ള സ്വകാര്യ കമ്പനികളുടെ നിരീക്ഷണ സംവിധാനങ്ങൾ പുറത്തുവിട്ട വിവരമാണിത്. നാട്ടകത്തിനും പള്ളത്തിനും മധ്യേയാവാം ആദ്യ ചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക വിവരം.

സൗത്ത് പാമ്പാടിക്കും നെടുംകുന്നത്തിനും മധ്യേയാണ് രണ്ടാമത്തെ ചലനത്തിന്റെ കേന്ദ്രം. ഇതേപ്പറ്റി ആധികാരിക വിവരം നൽകേണ്ടതു തിരുവനന്തപുരത്തെ എൻസെസ്(NCESS – നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്) എന്ന ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രമാണ്. പ്രഭവകേന്ദ്രവും ഭൂകമ്പത്തിന്റെ തീവ്രതയും മറ്റും ഇന്നേ വ്യക്തമാകൂ എന്ന് എൻസെസ് മേധാവി ഡോ. ജ്യോതിരഞ്ജൻ റേ പറഞ്ഞു.

പീച്ചിയിലെ ഭൂകമ്പമാപിനിയിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ കണക്ക് ഇന്ന് ലഭ്യമാകും. ഏകദേശം 2.6 തീവ്രതയുള്ളതായാണു പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലൂടെ ഭൂകമ്പ ഭ്രംശരേഖകൾ കടന്നുപോകുന്നുണ്ടെന്നും റേ വ്യക്തമാക്കി.

അതേസമയം ഇടുക്കി അണക്കെട്ടിനോടു ചേർന്നുള്ള കെഎസ്ഇബിയുടെ ഡാം സുരക്ഷാ ഗവേഷണ വിഭാഗത്തിന്റെ ഭൂകമ്പ മാപിനിയിൽ വൈകിട്ട് ആറരയോടെ 1.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

ന്യൂഡൽഹിയിലെ സീസ്മോളജി വിഭാഗം ഇത്തരം ചലനങ്ങളെ നിരീക്ഷിക്കാറുണ്ടെങ്കിലും ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ലെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. റിക്ടർ സ്കെയിലിൽ 3 വരെയുള്ള ചലനങ്ങളെ സാധാരണ മൈക്രോ ട്രെമറുകളെന്ന ചെറു ചലനങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. ഇവ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കാറില്ല.

എന്നാൽ 3.5 നു മുകളിലേക്കു പോകുന്നതോടെ ഭൂചലനങ്ങൾ അപകടകാരികളായി മാറാം. 2000 ഡിസംബർ 12 ന് ഈരാറ്റുപേട്ടയിൽ അനുഭവപ്പെട്ട ഭൂചനലം റിക്ടർ സ്കെയിലിൽ 4.9 തീവ്രയാണ് രേഖപ്പെടുത്തിയത്. ഇങ്ങനെ നോക്കിയാൽ കോട്ടയത്ത് അനുഭവപ്പെട്ടത് ചെറു ചലനങ്ങളെക്കാൾ അൽപ്പംകൂടി ഉയർന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഭൂചലനമാകാമെന്നും തുടർച്ചയായ രണ്ടു ചലനങ്ങൾ പഠനവിധേയമാകണമെന്നും ശാസ്ത്ര നിരീക്ഷകനായ ഡോ. രാജഗോപാൽ കമ്മത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker