ഗ്വാളിയോര്‍: ജാതിയുടെ പേരില്‍ പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് പ്രധാനമന്ത്രിയുടെ ആരോപണം. എന്നാല്‍ ബിഹാറില്‍ നടത്തിയ സര്‍വേയെയോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെയോ അദ്ദേഹം പേരെടുത്ത് പറഞ്ഞില്ല.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അധികാരത്തിലിരിക്കുമ്പോള്‍ വികസനം ഉറപ്പാക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. പാവങ്ങളുടെ വികാരം വെച്ച് കളിക്കുകയാണ് അവര്‍. ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ഏതൊരു നീക്കവും പാപമാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
‘പാവപ്പെട്ടവരുടെ വികാരംവെച്ചാണ് അവര്‍ അന്ന് കളിച്ചത്… ഇന്നും അതേ കളി കളിക്കുന്നു. നേരത്തേ അവര്‍ ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിച്ചു… ഇന്നും അതേ തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. നേരത്തേ അഴിമതിക്കേസില്‍ കുറ്റക്കാരായിരുന്നു അവര്‍… ഇന്ന് കൂടുതല്‍ അഴിമതിക്കാരാണ്’- ഗ്വാളിയോറില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു.
ബിഹാറിലെ ജാതി സെന്‍സസ് പുറത്തുവന്നതിനു പിന്നാലെ രാജ്യത്താകെ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം വീണ്ടുമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. അധികാരത്തില്‍ വന്ന് ആദ്യം ചെയ്യുന്ന കാര്യം പിന്നാക്കക്കാരുടെ കൃത്യമായ എണ്ണം അറിയുന്നതിനായുള്ള ജാതി സെന്‍സസ് നടത്തലായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ബിഹാറിലെ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവര്‍ഗക്കാരുമാണെന്ന് സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്.
13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതിപിന്നാക്ക- പിന്നാക്ക വിഭാഗങ്ങള്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവരാണ്.അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12 മാനവും ഒബിസി വിഭാഗമാണ്. ഇതില്‍ തന്നെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടുന്ന യാദവര്‍ .14.27 ശതമാനമാണ്.
ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം, മുശാഹര്‍ 3 ശതമാനം. യാദവര്‍ 14 ശതമാനം എന്നിങ്ങനെയാണ് സെന്‍സെസ് പ്രകാരമുള്ള കണക്ക്. മുസ്ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍-.0576, സിഖ് 0.0113, ബുദ്ധമതവിഭാഗം 0.0851 ശതമാനം, ജൈനര്‍ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്. ഹിന്ദുസമൂഹം ആകെ 81.9986 ശതമാനമാണ്.