5000 രൂപ വിലവരുന്ന ഹെല്‍മെറ്റ് മോഷ്ടിച്ച് ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്ക് വെച്ചു; കുട്ടി മോഷ്ടാവിന് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി
കൊച്ചി: മോഷ്ടിച്ച ഹെല്‍മെറ്റ് ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ പരസ്യം നല്‍കിയ പതിനഞ്ചുകാരനെ പോലീസ് പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു. 5000 രൂപ വിലവരുന്ന ഹെല്‍മെറ്റ് മോഷ്ടിച്ച് ഒഎല്‍എക്‌സ് സൈറ്റ് വഴി വില്‍പ്പനയ്ക്ക് വെച്ച കുട്ടിമോഷ്ടാവ് പിടിയിലായത്. കടമ്പ്രയാറിലാണ് സംഭവം. ഒഎല്‍എക്സ് സൈറ്റ് വഴി ഫോണ്‍ നമ്പറിടാതെ ഓഫര്‍ വില ചോദിച്ചായിരുന്നു പരസ്യം. ഹെല്‍മെറ്റ് നഷ്ടപ്പെട്ടവര്‍ സൈറ്റില്‍ രണ്ടായിരം രൂപ വിലപറഞ്ഞതോടെ ഫോണ്‍ നമ്പറടക്കം നല്‍കി. വാങ്ങിയപ്പോഴാണ് മോഷ്ടാവ് കുട്ടിയാണെന്നറിഞ്ഞത്. പോലീസില്‍ അറിയിച്ചതോടെ ഹെല്‍മറ്റ് ഉടമയ്ക്ക് തിരികെ നല്‍കി കുട്ടിയെ വിട്ടയച്ചു.
ബൈക്കിലെ പിന്‍യാത്രക്കാരനും കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഹെല്‍മെറ്റ് മോഷണം വ്യാപകമായിരിക്കുകയാണ്. ബൈക്കുകളില്‍ നിന്നുമാണ് മോഷണം കൂടുതലായി നടക്കുന്നത്. റോഡരുകില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്കില്‍ ഇപ്പോള്‍ മൂന്ന് ഹെല്‍മെറ്റ് വരെ ഉണ്ടാകാറുണ്ട്. ഇതില്‍ നിന്നാണ് പലപ്പോഴും ഒരെണ്ണം കാണാതെയാകുന്നത്. തെരുവില്‍ ഹെല്‍മെറ്റ് വില്‍ക്കുന്ന ഇതരസംസ്ഥാനക്കാരടക്കം മോഷണം നടത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വെക്കാന്‍ സുരക്ഷിതമായ ഇടം ഉണ്ട് എന്നാല്‍ ബൈക്കുകാരാണ് വലയുന്നത്.