അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പലരും ആ ചിത്രങ്ങള്‍ ഹൃദയം കൊണ്ട് തന്നെ ഏറ്റെടുത്തു. ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്തു. ഡോ. മനു ഗോപിനാഥന്‍ ആണ് ഈ കണ്‍സപ്ടിനുപിന്നില്‍. സൂസന്‍ തോമസും ഡോക്ടര്‍ മനുവുമാണ് ചിത്രങ്ങളില്‍ മോഡല്‍സായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അജയകുമാറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
എന്നാല്‍ ചില ഗ്രൂപ്പുകളില്‍ ചിത്രം യഥാര്‍ത്ഥത്തില്‍ ഉള്ള സേവ് ദി ഡേറ്റ് ആണെന്ന് പറഞ്ഞു ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു. ഇപ്പോള്‍ അവരോടൊക്കെ അത് ശരിക്കും സേവ് ദി ഡേറ്റ് അല്ല, ഒരു കണ്‍സപ്റ്റ് മാത്രമാണെന്ന് പറയുകയാണ് ഡോക്ടര്‍ മനു.
ഡോക്ടറുടെ വേഷം ശരീരത്തില്‍ അണിഞ്ഞപ്പോഴും കലയും സംഗീതവും ഒക്കെ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവയുമായി നല്ല ബന്ധം ഞാന്‍ ഇപ്പോഴും പുലര്‍ത്താറുണ്ട് എന്ന് മനു വ്യക്തമാക്കുന്നു. ആല്‍ബമൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട് അങ്ങനെ ഇരിക്കയാണ് മനസ്സില്‍ ഒരു ആശയം തോന്നിയത്. ഒരു പെണ്ണിന്റെ ബാഹ്യ സൗന്ദര്യത്തിലല്ല ആന്തരിക സൗന്ദര്യത്തെയാണ് ഒരു പുരുഷന്‍ സ്‌നേഹിക്കേണ്ടതെന്ന ആശയം മുന്‍നിര്‍ത്തി ഒരു ഫോട്ടോഷൂട്ട് നടത്താന്‍ ഞാന്‍ തീരുമാനിച്ചു.
ഇതിലെ മോഡലായി വന്ന സൂസണ്‍ തോമസ് സോഷ്യല്‍ മീഡിയകളില്‍ സെലിബ്രിറ്റിയാണ്. പുള്ളിക്കാരിയെ ഞാന്‍ ടിക് ടോകിലൂടെയാണ് പരിചയപ്പെടുന്നത്. ഞാനും ടിക് ടോകില്‍ സജീവമായിരുന്നു. സൂസണ്‍ മികച്ചൊരു ഗായികയും അതിനൊപ്പം നല്ലൊരു മോഡലും കൂടിയാണ്. നിരവധി ഡിവോഷണല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുമുണ്ട്. ശാരീരിക പരിമിതികളുടെ പേരില്‍ കണ്ണീരും കിനാവുമായി ജീവിതം തള്ളിനീക്കുന്നവരുടെ കാലത്ത് ജീവിച്ചു കാണിച്ചു കൊടുത്തവള്‍. മനസിനാണ് സൗന്ദര്യം എന്ന് കാട്ടി കൊടുത്തവള്‍. അങ്ങനെയൊരാള്‍ എന്തു കൊണ്ടും മനസില്‍ കണ്ട ആശയം സാക്ഷാത്കരിക്കാന്‍ അനുയോജ്യയായിരുന്നു.
അവളുടെ ഇരുപത്തിയഞ്ചാം വയസിലാണ് അവളെ ഇങ്ങനെയാക്കിയ ആ ദുരന്തം സംഭവിക്കുന്നത്. വീട്ടില്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന സമയത്ത് അടുക്കളയില്‍ നിന്ന് രൂക്ഷമായ ഗന്ധം വരുന്നു. ഗ്യാസ് ലീക്കാണ് എന്നറിയാതെ പാവം അടുക്കളയിലേക്ക് കയറി ചെന്നു. എന്ത് സംഭവിക്കുന്നു എന്നറിയാന്‍ അടുക്കളയിലേക്ക് ചെന്ന് ലൈറ്റിടുമ്പോഴേക്കും തീ ആളി പടരുക ആയിരുന്നു. വെന്തുരുകി ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും പാവം മൃതപ്രായയായിരുന്നു.
ചികിത്സയില്‍ കഴിയുന്നതിനിടെ പുതുതായി എത്തിയ ഡോക്ടര്‍ ചികിത്സയില്‍ അലംഭാവം കാണിച്ചു, അവള്‍ക്ക് ഇപ്പോള്‍ കുറച്ച് വിരലുകള്‍ ഇല്ല. ചിത്രത്തില്‍ നോക്കിയാല്‍ അത് കാണുവാന്‍ സാധിക്കും. എന്നാല്‍ താന്‍ നേരിട്ട വേദനകള്‍ എല്ലാം കടിച്ചമര്‍ത്തി അവള്‍ ജീവിതത്തിനോട് പൊരുതി മുന്നേറുക ആയിരുന്നു എന്ന് മനു പറയുന്നു.