KeralaNewsRECENT POSTS

‘പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്’ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ‘മര്യാദ’ പഠിപ്പിച്ച യുവതിയ്ക്ക് പറയാനുള്ളത്

പെരുമ്പാവൂര്‍: റോങ് സൈഡില്‍ കയറിവന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന യുവതി എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ വൈറലായിരിന്നു. നിരവധി പേര്‍ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുകയും ചെയ്തു. എന്നാല്‍ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് ‘വൈറല്‍ യുവതി’. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് മുന്നില്‍ വെച്ചുണ്ടായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിങ്ങള്‍ കണ്ടതൊന്നുമല്ല സത്യമെന്നും ആ ഡ്രൈവര്‍ തന്റെ ജീവന്‍ രക്ഷിക്കുകയാണ് ചെയ്തതെന്നും യുവതി പറയുന്നു.

അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ലെന്നാണ് വൈറലായ ദൃശ്യങ്ങളിലെ യുവതി സൂര്യ മനീഷ് വെളിപ്പെടുത്തുന്നത്. സത്യത്തില്‍ ബസ് ഡ്രൈവറെ വെല്ലുവിളിക്കുകയായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. ആ ഡ്രൈവറാണ് എന്റെ ജീവന്‍ രക്ഷിച്ചത്. സംഭവത്തെക്കുറിച്ച് സൂര്യ പറയുന്നു.

റോഡില്‍ ഒരു സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വളരെ ചെറിയ റോഡാണിത്. കുട്ടികള്‍ ബസില്‍ നിന്നും ഇറങ്ങുന്നുണ്ടായിരുന്നു. സമീപത്ത് വേറെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ തനിക്ക് പോകാന്‍ ഇടമുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ സ്‌കൂള്‍ ബസിന് പിന്നിലായി നടുറോഡില്‍ തന്നെ താന്‍ വാഹനം നിര്‍ത്തിയെന്നും യുവതി പറയുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ ബസ് പോയി. പിന്നാലെ താനും വണ്ടിയെടുത്തു. അതിനിടെ ഒരു പ്രൈവറ്റ് ബസിനെ ഓവര്‍ടേക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസ് മുന്നിലേക്ക് വന്നു. പെട്ടെന്ന് തൊട്ടു മുന്നിലേക്ക് ബസ് വന്നതോടെ താന്‍ ആകെ മരവിച്ച് പോവുകയായിരുന്നുവെന്നും ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറയുന്നു. മരവിച്ചുപോയ താന്‍ ബസിലെ യാത്രക്കാരോ, മറ്റുള്ളവരോ പറഞ്ഞതൊന്നും കേട്ടില്ല. ഡ്രൈവര്‍ ബസ് ഉടന്‍ തന്നെ ശരിയായ ദിശയിലേക്ക് വണ്ടി മാറ്റി പോകുകയായിരുന്നു.

ഡ്രൈവറെ താന്‍ വെല്ലുവിളിക്കുകയായിരുന്നില്ലെന്നും എന്തുചെയ്യണമെന്നറിയാതെ മരവിച്ചിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും സൂര്യ പറയുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി വാഹനമോടിക്കുന്ന തനിക്കുണ്ടാകുന്ന ആദ്യത്തെ അനുഭവമാണ് ഇതെന്നും സൂര്യ മനീഷ് പറയുന്നു. യുവതിയുടെ വെളിപ്പെടുത്തലിനെ ശരിവെക്കുന്നതാണ് ബസ് ഡ്രൈവറുടെ അഭിപ്രായവും. സ്‌കൂള്‍ ബസ് നിര്‍ത്തി കുട്ടികള്‍ ഇറങ്ങുന്നതു കണ്ടാണ് താന്‍ ഒഴിഞ്ഞ ഇടത്തേക്ക് ബസ് വെട്ടിച്ച് ഓടിച്ചതെന്നും അപ്പോഴാണ് ഒരു യിവതി നടുറോഡില്‍ സ്‌കൂട്ടര്‍ നിര്‍ത്തിട്ടിരിക്കുന്നത് കണ്ടതെന്നുമായിരുന്നു ഡൈവര്‍ പറത്. അപ്പോള്‍ ചിലര്‍ ആ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നതും കണ്ടു. യുവതിയുടെ അടുത്ത സുഹൃത്തുക്കള്‍ പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്നാണ് കരുതിയതെന്നും യുവതി വാഹനം മാറ്റാത്തതുകൊണ്ട് താന്‍ റോഡിന്റെ ഇടതുവശത്തേക്ക് ബസ് മാറ്റി ഡിപ്പോയിലേക്ക് പോകുകയായിരുന്നുവെന്നും ഡ്രൈവര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളാണ് സംഭവം മൊബൈലില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലിട്ടത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പാഠം പഠിപ്പിച്ച യുവതി എന്ന പേരിലാണ് വീഡിയോ തരംഗമായത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker