
മുംബൈ:ട്രൂകോളർ എഐ അസിസ്റ്റന്‍സുമായി ട്രൂകോളര്‍ ആപ്പ് രംഗത്ത്. പുതിയതായി എഐ പവർ ഫീച്ചറാണ് ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കാൻ കോളർമാരെ സഹായിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
ട്രൂകോളർ അസിസ്റ്റന്റ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകൾക്ക് സ്വയമേവ ഉത്തരം നൽകുകയും അനാവശ്യ കോളർമാരെ ഒഴിവാക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ റിസപ്ഷനിസ്റ്റാണ് ട്രൂകോളർ അസിസ്ററന്റ്.
ട്രൂകോളർ അസിസ്റ്റന്റ് നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 14 ദിവസത്തെ സൗജന്യ ട്രയലിൽ ലഭ്യമാണ്. ട്രയൽ ഉപയോക്താക്കൾക്ക് പ്രതിമാസം 149 രൂപ മുതൽ ട്രൂകോളർ പ്രീമിയം അസിസ്റ്റന്റ് പ്ലാനിന്റെ ഭാഗമായി അസിസ്റ്റന്റിനെ ആഡ് ചെയ്യാൻ കഴിയും.
പരിമിതമായ പ്രൊമോഷണൽ ഡീലിന്റെ ഭാഗമായി നിലവിൽ 99 രൂപയ്ക്കും പ്ലാൻ ലഭ്യമാണ്. ട്രൂകോളർ അസിസ്റ്റൻസ് തുടക്കത്തിൽ ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി എന്നിവ മാത്രമേ സപ്പോർട്ട് ചെയ്യൂ.
പുതിയ എഐ ഫീച്ചറിന് ഇൻകമിംഗ് കോളുകളോട് പെട്ടെന്ന് പ്രതികരിക്കാനും കോളറുടെ സംഭാഷണത്തിന്റെ തത്സമയ ട്രാൻസ്ക്രിപ്ഷനുകൾ നൽകാനും കഴിയുമെന്ന് ട്രൂകോളർ അറിയിച്ചു. കോളറെ തിരിച്ചറിയാനും കോളിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കാനും ഉപയോക്താക്കളെ സഹായിക്കുമെന്നതാണ് ഇതിന്റെ മെച്ചം.
ഈ വിവരങ്ങളെ അടിസ്ഥാനമാക്കി, ഉപയോക്താക്കൾക്ക് കോൾ എടുക്കണോ, അധിക വിവരങ്ങൾ അഭ്യർത്ഥിക്കണോ അല്ലെങ്കിൽ അത് സ്പാം ആയി അടയാളപ്പെടുത്തണോ എന്ന് തീരുമാനിക്കാനാകും. ഇതുവരെ വിളിക്കുന്ന ആളുടെ പേര് കാണിച്ചിരുന്ന ട്രൂകോളർ ഇനി മുതൽ വിളിക്കുന്നയാളുമായി നമുക്ക് വേണ്ടി സംസാരിക്കാൻ അസിസ്റ്റന്റിനെ ഏർപ്പെടുത്തുമെന്നാണ് കമ്പനി വക്താവ് പറയുന്നത്.
ട്രൂകോളർ എഐ അസിസ്റ്റന്റ് എങ്ങനെ പ്രവർത്തിക്കുന്നു
* ട്രൂകോളർ എഐ അസിസ്റ്റന്റ് നിങ്ങൾക്കുള്ള ഇൻകമിംഗ് കോളിന് ഉത്തരം നൽകുകയും ട്രാൻസ്ക്രൈബ് ചെയ്യുകയും ചെയ്തുകൊണ്ട് കോൾ സ്ക്രീനിംഗ് ലളിതമാക്കുകയും ചെയ്യുന്നു.ഇത് വഴി ഉപയോക്താവിന് കോൾ ലഭിക്കുമ്പോഴെല്ലാം അവർക്ക് അത് നിരസിക്കുകയോ അത് നിങ്ങളുടെ ഡിജിറ്റൽ അസിസ്റ്റന്റിന് കൈമാറുകയോ ചെയ്യാം.
* അസിസ്റ്റന്റ് നിങ്ങളുടെ പേരിൽ തന്നെ കോളിന് മറുപടി നൽകും. കൂടാതെ കോളറിന്റെ സന്ദേശം ട്രാൻസ്‌ക്രൈബ് ചെയ്യാൻ വോയ്‌സ് ടു ടെക്‌സ്‌റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കും.
* നിങ്ങളുടെ അസിസ്റ്റന്റിന്റെ ആശംസയോട് കോളർ പ്രതികരിച്ചതിന് ശേഷം, ഉപയോക്താക്കൾക്ക് കോളറിന്റെ ഐഡന്റിറ്റിയും കോളിന്റെ കാരണവും സ്ക്രീനിലൂടെ അറിയാനാകും.
*കോളിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഉപയോക്താക്കൾക്ക് ചാറ്റ് വിൻഡോ തുറക്കാനും അസിസ്‌റ്റന്റ് നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് കോൾ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അല്ലെങ്കിൽ സ്‌പാമായി അടയാളപ്പെടുത്താനും കഴിയും.