പട്ടിണി താങ്ങാനാകാതെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ അമ്മയ്ക്ക് ജോലി നല്‍കി
തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ നാലു മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറിയ അമ്മയ്ക്കു ജോലി നല്‍കി തിരുവനന്തപുരം നഗരസഭ. കോര്‍പറേഷനില്‍ താത്കാലിക ജോലിയാണ് നല്‍കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മേയര്‍ കെ. ശ്രീകുമാര്‍ മഹിളാമന്ദിരത്തിലെത്തി സ്ത്രീക്കു കൈമാറി. ദിവസം 650 രൂപ വേതനം ലഭിക്കുന്ന ജോലിയാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്. അമ്മയ്ക്കു തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനു മുന്‍കൈയെടുക്കുമെന്നും മേയര്‍ അറിയിച്ചു. നഗരസഭയില്‍ പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്‌ളാറ്റുകളിലൊന്നു കുടുംബത്തിനു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നു മേയര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് ആറു മക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതിക്കു കൈമാറിയത്. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഒരു കുട്ടി മണ്ണ് വാരിത്തിന്നുന്നതുകണ്ടു സഹിക്കാന്‍ കഴിയാതെയാണ് മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറുന്നതെന്ന് ശിശുക്ഷേമ സമിതിക്കു നല്‍കിയ അപേക്ഷയില്‍ പറയുന്നു. കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ ടര്‍പാളിന്‍കൊണ്ടു മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും താമസിക്കുന്നത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ലഭിക്കുന്ന പണത്തിലേറെയും മദ്യപിക്കാന്‍ ഉപയോഗിക്കുന്നതായും മദ്യപിച്ചെത്തിയശേഷം കുട്ടികളെ മര്‍ദിക്കുമെന്നും ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ അമ്മ പറയുന്നു. മുലപ്പാല്‍ കുടിക്കുന്ന ഒന്നര വയസുള്ളതും മൂന്നുമാസം പ്രായമുള്ളതുമായ രണ്ടു കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്കു കൈമാറിയിട്ടില്ല. രണ്ടു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
അതേസമയം, കൈതമുക്കിലെ സംഭവം ഇനി ആവര്‍ത്തിക്കരുതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. ഇതിന് എല്ലാവരുടേയും പിന്തുണ വേണം. ദരിദ്രരായ ആളുകള്‍ ഇനിയും കേരളത്തില്‍ ഉണ്ട്. ഇത് തടയാന്‍ കൂട്ടായ ശ്രമമാണ് വേണ്ടത്. ദരിദ്രരായ കുട്ടികളെ കണ്ടത്താനുള്ള സര്‍വ്വെ പുരോഗമിക്കുകയാണ്. പ്രളയം ബാധിച്ചതിനാലാണ് ഇത് നിര്‍ത്തിച്ചെത്. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.