KeralaNews

കൊവിഡ് വ്യാപനം കൂടുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം മൂലം രോഗവ്യാപനമുണ്ടാകുന്നതിന്റെ തോത് കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം അധികരിക്കുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ആണെങ്കില്‍ കണ്ണൂരില്‍ അത് 20 ആണ്.

ജില്ലയില്‍ ഇപ്പോള്‍ ആക്ടീവായ 93 കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കം മൂലമാണ്. ഈ സ്ഥിതി മുന്നോട്ടു പോയാല്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാര്‍ക്കറ്റ് അടക്കമുള്ള സ്ഥലങ്ങള്‍ രോഗവ്യാപനത്തിനു സാധ്യതയുള്ള ഇടങ്ങളാണ്. അവിടങ്ങളില്‍ അതിനനുസരിച്ചുള്ള നടപടികളുണ്ടാകും. രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ 62 പേർക്കാണ് വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കൊല്ലം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 33 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-13, കുവൈറ്റ്-9, സൗദി അറേബ്യ-7, ഖത്തര്‍-3, ഒമാന്‍-1) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (തമിഴാനാട്-10, മഹാരാഷ്ട്ര-10, കര്‍ണാടക-1, ഡല്‍ഹി-1, പഞ്ചാബ്-1) നിന്നും വന്നതാണ്. ഇത് കൂടാതെ 2 എയര്‍ ഇന്ത്യ ജീവനകാര്‍ക്കും 2 തടവുകാര്‍ക്കും (തിരുവനന്തപുരം) ഒരു ആരോഗ്യ പ്രവര്‍ത്തകനും (പാലക്കാട്) രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

എയര്‍പോര്‍ട്ട് വഴി 15,926 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 94,812 പേരും റെയില്‍വേ വഴി 8932 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,21,291 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,24,167 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,23,087 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ 62,746 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 60,448 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 11,468 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 10,635 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 22 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മേല്‍, കുറ്റിയാടി, വളയം, വടകര മുന്‍സിപ്പാലിറ്റി, കണ്ണൂര്‍ കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട്, കാസര്‍ഗോഡ് ജില്ലയിലെ കുമ്പള, പാലക്കാട് ജില്ലയിലെ കൊപ്പം, ഒറ്റപ്പാലം, വാണിയംകുളം, ആനക്കര, അലനല്ലൂര്‍, കോട്ടോപ്പാടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 101 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button