‘എന്റെ മരണവാര്‍ത്ത പോലും ആരുമറിയാതെ, പ്രകൃതിയില്‍ അലിഞ്ഞു ചേരണം’ ഫേസ്ബുക്ക് പോസ്റ്റ് അറംപറ്റി; കണ്ണീരായി കുടജാദ്രിയില്‍ മിന്നലേറ്റ് മരിച്ച പെരുമണ്ണ സ്വദേശി ജംഷീറിന്റെ കുറിപ്പ്
മംഗളുരു: ‘എന്റെ മരണവാര്‍ത്ത പോലും ആരുമറിയാതെ, പ്രകൃതിയില്‍ അലിഞ്ഞു ചേരണം’… കുടജാദ്രിമലമുകളില്‍വെച്ച് മിന്നലേറ്റ് മരിച്ച ജംഷീര്‍ കരിമ്പനക്കല്‍ എടക്കാടന്‍ എന്ന യുവാവ് തന്റെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളായിരുന്നു ഇത്. കുറിപ്പ് അറംപറ്റിയത് പോലെ തന്നെ ജംഷീറിന് ജീവന്‍ നഷ്ടപ്പെട്ടു. സാഹസികസഞ്ചാരിയും ഫോട്ടോഗ്രാഫറുമായി പെരുമണ്ണ പീടികത്തൊടിയില്‍ ജംഷീര്‍ സെപ്റ്റംബര്‍ 23 ന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരിന്നു. ‘100 വര്‍ഷം വരെ ഒന്നും വേണ്ട, 35 വയസു വരെ ധാരാളം.. ഇനി അവശേഷിക്കുന്നത് അഞ്ചു വര്‍ഷം മാത്രം.. സനാതനധര്‍മ്മത്തിലൂന്നി മാനവ, മാധവ സേവ ചെയ്യണം..,തൗബ ചെയ്ത് മടങ്ങണം.. എന്നിങ്ങനെ തുടങ്ങുന്ന പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ജംഷീറിന് അപ്രതീക്ഷിത മരണം സംഭവിച്ചത്. കുടജാദ്രിയില്‍വെച്ച് ഫോണില്‍ സംസാരിക്കുമമ്പാള്‍ ശനിയാഴ്ച വൈകുന്നേരമാണ് മിന്നലേറ്റത്. സര്‍വജ്ഞപീഠം കയറാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതിനിടെയാണ് മിന്നലേറ്റ് മരണം സംഭവിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
100 വയസുവരെ ഒന്നും വേണ്ട,
35 വയസുവരെ ധാരാളം…
ഇനി ശേഷിക്കുന്നതു 5 വര്‍ഷം മാത്രം
സനാധന ധര്‍മ്മത്തിലൂന്നി,
മാനവ മാധവ സേവ ചെയ്യണം
തൗബ ചെയ്തു മടങ്ങണം, ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയിലേക്കു,
എന്റെ അവസാന നാളുകള്‍ ആരാലും അറിയാതെ…യാത്ര ചെയ്യണം
എന്റെ മരണ വാര്‍ത്ത പോലും ആരുമറിയാതെ,
പ്രകൃതി,
ഭൂമി
വനം
പുഴകള്‍
ഒന്നില്‍ അലിഞ്ഞു ചേരണം
അതിന്റെ എല്ലാം വരദാനമായ ഒരു പൂക്കാലം
അതില്‍ വിരിഞ്ഞ ഓരോ പൂക്കളാണ് നമ്മളെല്ലാം”
ചിലതു നിങ്ങളെ പോലെ സൗന്ദര്യവും, …
സൗര്യഭ്യവുമുള്ളവ
മറ്റു ചിലതു എന്നെ പോലെ കാട്ടു പുഷ്പങ്ങള്‍
ഗന്ധവും , ഗുണവും ഇല്ലാത്തവ
ഒരു ചെറിയ കാറ്റിനു പോലും പിച്ചിയെറിയാന്‍ കഴിയുന്ന പാഴ്മരത്തിലെ .. വിരൂപമായ പൂക്കള്‍
ചിലതു ശവമഞ്ചങ്ങള്‍ മാത്രം അലങ്കരിക്കാന്‍ വിധിക്കപെട്ടവ..
പ്രിയപ്പെട്ടവരെ,
ഒരു മനുഷ്യനായി പിറന്നതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല ഇപ്പോള്‍ എന്നില്‍
ഞാന്‍ തിരിച്ചറിയുന്നു.. ഭൂമിയുടെ അന്തസത്തയും… ആത്മാഭിമാനവും… നിലനില്പും കാര്‍ന്നു തിന്നുന്ന അനേകം ഇരുകാല്‍ ജീവികളില്‍ ഒന്നുമാത്രമാണ് ഞാനെന്നു….