തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് താങ്ങാകാന്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കുന്നുകുഴിയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ക്വീയറിഥം സി ബി ഒയ്ക്കാണ്. ഭക്ഷണം, കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമ സഹായം തുടങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഹോമില്‍ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ കുറിപ്പ്
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കുയി ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കെയര്‍ ആന്റ് ഷോര്‍ട്ട് സ്റ്റേ ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവനന്തപുരത്ത് കുന്നുകുഴി വാര്‍ഡിലാണ് സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം (തണല്‍ ട്രാന്‍സ്‌മെന്‍ കെയര്‍ ആന്റ് ഷോര്‍ട്ട് സ്റ്റേ ഹോം) സ്ഥാപിച്ചത്. ക്വീയറിഥം സി.ബി.ഒ.യ്ക്കാണ് ഈ ഹോമിന്റെ നടത്തിപ്പ് ചുമതല. ഭക്ഷണം, കൗണ്‍സിലിംഗ്, വൈദ്യസഹായം, നിയമ സഹായം തുടങ്ങി ട്രാന്‍സ്‌മെന്‍ വ്യക്തികള്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഹോമില്‍ ലഭ്യമാണ്. ഹോമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ തന്നെയാണ് ഹോമിലെ ജീവനക്കാര്‍ എന്നുള്ളതുകൊണ്ട് തന്നെ അവര്‍ക്ക് ജോലി ലഭ്യമാക്കാനും കെയര്‍ ഹോം പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.