NationalNews

ട്രെയിൻ റാഞ്ചൽ: സ്പോൺസർ ചെയ്തത്‌ ഇന്ത്യ? ആരോപണവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാൻ. ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്‌പോൺസർ ചെയ്തതെന്നും പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാനാണ് ആരോപണമുന്നയിച്ചത്. ഹൈജാക്കിംഗുമായി ബന്ധപ്പെട്ട കോളുകൾ അഫ്ഗാനിസ്ഥാനിൽ നിന്നാണ് വന്നതെന്നതിന് പാകിസ്ഥാന്റെ കൈവശം തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പാകിസ്ഥാനെതിരായ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നതിൽ ഇന്ത്യ പങ്കാളിയാണെന്നും പാക് മന്ത്രി ആരോപിച്ചു. ചൊവ്വാഴ്ച ആക്രമണം ആരംഭിച്ചതുമുതൽ പാകിസ്ഥാൻ സൈന്യവും സർക്കാരും മാധ്യമങ്ങളും ഇന്ത്യയെ നേരിട്ട് പരാമർശിക്കാതെ കുറ്റപ്പെടുത്തൽ തുടരുകയാണ്. അതേസമയം രാജ്യത്തിന്റെ സൈനിക, ഇന്റലിജൻസ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതരമായ സുരക്ഷാ പരാജയങ്ങളെക്കുറിച്ച് മൗനം തുടരുന്നു. 

പാകിസ്ഥാന്റെ പുതിയ ആരോപണങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി. ബലൂചിസ്ഥാൻ പ്രവിശ്യയിലെ പാസഞ്ചർ ട്രെയിനിൽ നടന്ന ആക്രമണത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിച്ച് പാകിസ്ഥാൻ സൈനിക വക്താവിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയുന്നുവെന്ന് അഫ്​ഗാൻ പ്രതികരിച്ചു. നിരുത്തരവാദപരമായ പരാമർശങ്ങൾക്ക് പകരം സ്വന്തം സുരക്ഷയും ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഫ്​ഗാൻ പറഞ്ഞു.

മാർച്ച് 11 ന് 450 ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ജാഫർ എക്സ്പ്രസ്, വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) റാഞ്ചുകയായിരുന്നു. സംഭവത്തിൽ 33 ഭീകരവാദികളടക്കം 58 പേർ കൊല്ലപ്പെട്ടു. യാത്രക്കാരെ മുഴുവൻ മോചിപ്പിച്ചെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker