ട്രെയിനുകളില്‍ വെള്ളം തീര്‍ന്നുവെന്ന പരാതി ഇനി ഉണ്ടാകില്ല; പുതിയ സംവിധാനവുമായി റെയില്‍വെ
ന്യൂഡല്‍ഹി: യാത്രക്കിടെ ട്രെയിനുകളില്‍ വെള്ളം തീര്‍ന്നെന്ന പരാതി ഇനിമുതല്‍ കേള്‍ക്കില്ല. ട്രെയിനുകളിലെ ടാങ്കുകള്‍ വേഗം നിറയ്ക്കാനായി ഹൈ പ്രഷര്‍ പാമ്പുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ. കുറഞ്ഞ സമയം സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ത്തന്നെ വേഗത്തില്‍ ടാങ്കുകള്‍ നിറയും. അതിനാല്‍ ഇടയ്ക്കുവെച്ച് വെള്ളം തീര്‍ന്നു യാത്രികര്‍ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാവില്ല. കുടിവെള്ളത്തിനായി സ്റ്റേഷനുകളില്‍ ആര്‍.ഒ. (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകള്‍ സ്ഥാപിച്ചുവരികയാണെന്നും റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.
കൂടാതെ റെയില്‍പാളത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ കണ്ടെത്താന്‍ സാധിക്കുന്ന ത്രിനേത്ര (ടെറെയ്ന്‍ ഇമേജിങ് ഫോര്‍ ഡ്രൈവേഴ്സ് ഇന്‍ഫ്രാറെഡ്, എന്‍ഹാന്‍സ്ഡ്, ഒപ്റ്റിക്കല്‍ ആന്‍ഡ് റഡാര്‍ അസിസ്റ്റഡ്) സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. തീവണ്ടികളിലെ സ്ത്രീയാത്രികരുടെ സുരക്ഷയെ മുന്‍നിര്‍ത്തി 4500 വനിതാ കോണ്‍സ്റ്റബിള്‍മാരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലേക്ക് നിയമിക്കുമെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.