NationalNews

കൊവിഡ് പ്രതിരോധത്തില്‍ ദയനീയ പരാജയം,യു.പി ബി.ജെ.പിയില്‍ കലാപം

ന്യൂഡൽഹി:ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ നടപടികൾക്കെതിരേ സംസ്ഥാനത്തെ ബി.ജെ.പി.ക്കുള്ളിൽ അമർഷം. ജനങ്ങളുടെ ആവലാതികൾ കൈകാര്യംചെയ്യാൻ സാധിക്കുന്നില്ലെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചില പാർട്ടി എം.എൽ.എ.മാരും പാർലമെന്റ് അംഗങ്ങളും മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനംചെയ്യുന്ന വാരാണസി അടക്കം ചില വി.ഐ.പി. മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലും കോവിഡ് നിരക്ക് കുതിച്ചുകയറുന്നുവെന്നാണ് റിപ്പോർട്ട്.

തന്റെ മണ്ഡലമായ ബറേലിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗംഗവാർ ഈ മാസം ആറിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയിരുന്നു. സമാനമായ കത്തുകൾ മറ്റ് ചില ബി.ജെ.പി. ജനപ്രതിനിധികളും സർക്കാരിന് അയച്ചിട്ടുണ്ട്. ആശുപത്രികളുടെ കുറവ്, കോവിഡ് കിടക്കകളുടെ അപര്യാപ്തത, ഓക്സിജൻ ക്ഷാമം, ഉദ്യോഗസ്ഥരുടെ സഹകരണമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാണ് ജനപ്രതിനിധികൾ കത്തിൽ ഉയർത്തിയിരിക്കുന്നത്.

കാബിനറ്റ് മന്ത്രിയും ലഖ്നൗ എം.എൽ.എ.യുമായ ബ്രജേഷ് പഥക്, മോഹൻലാൽഗഞ്ച് എം.എൽ.എ. കൗഷൽ സിങ്, ബസ്തി മണ്ഡലത്തിലെ ലോക്സഭാംഗം ഹൈഷ് ദ്വിവേദി, ബദോഹി എം.എൽ.എ. ദിനനാഥ് ഭാസ്കർ, കാൻപുർ എം.എൽ.എ. സത്യദേവ് പച്ചൗരി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. ബി.ജെ.പി.യുടെ ഫിറോസാബാദ് എം.എൽ.എ. പപ്പു ലോധി, തന്റെ കോവിഡ് രോഗിയായ ഭാര്യ ആഗ്രയിലെ മെഡിക്കൽ കോളേജിൽ കിടയ്ക്കക്കായി കാത്ത് മൂന്നുമണിക്കൂർ തറയിൽ കിടക്കേണ്ടിവന്നതിന്റെ ദൃശ്യം വീഡിയോയിൽ പകർത്തി പുറത്തുവിട്ടിരുന്നു.

കോവിഡ് രോഗം ബാധിച്ച് ബി.ജെ.പി.യുടെ നാല് എം.എൽ.എ.മാരാണ് ഇതിനിടയിൽ മരിച്ചത്. ഉത്തർപ്രദേശാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് നാലാമത്തെ സംസ്ഥാനം. രണ്ടാം വ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്നും ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker