ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ച് വിജ്ഞാപനമിറക്കി; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കി. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഇല്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ 1000 രൂപയില്‍നിന്ന് 500 രൂപയായി കുറച്ചു. എന്നാല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളുടെ ശിക്ഷയില്‍ കുറവില്ല. 10000 രൂപയാണ് ഇതിന് പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2000 രൂപ തന്നെയാണ്. ചരക്കുവാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നതിനുള്ള പിഴ 10000 ആക്കി. രജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം ഉപയോഗിച്ചാല്‍ ആദ്യതവണ സ്വകാര്യ വാഹനങ്ങള്‍ക്ക് 2000 -രൂപയെന്നത് 3000 രൂപയായി വര്‍ധിപ്പിച്ചു.
ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ആദ്യ കുറ്റത്തിന് 2000 രൂപ തന്നെ തുടരും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 4000 രൂപയാകും പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിന് 2000 രൂപയും സാമൂഹിക സേവനവുമായിരുന്നു ശിക്ഷ. ഇതില്‍നിന്ന് സാമൂഹിക സേവനം ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.