ഭൂഗര്‍ഭലൈന്‍ സ്ഥാപിക്കല്‍; കുതിരാനില്‍ ജനുവരി 28,29 തീയതികളില്‍ ഗതാഗത നിയന്ത്രണം
തൃശൂര്‍: ഈ മാസം 28,29 തീയതികളില്‍ കുതിരാനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കേരളത്തിന് 2000 മെഗാ വാട്ട് വൈദ്യുതി കൂടി കേന്ദ്ര പൂളില്‍നിന്ന് ലഭിക്കാനുള്ള പുഗളൂര്‍-തൃശൂര്‍ എച്ച്വിഡിസി ലൈന്‍ കമ്മീഷനിംഗിന് മുന്നോടിയായുള്ള ട്രയല്‍ റണ്‍ നടത്തുന്നതിനാലാണു നിയന്ത്രണമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. ജനുവരി 28, 29 തീയതികളില്‍ എറണാകുളം ജില്ലയില്‍നിന്നു തൃശൂരില്‍നിന്നും കുതിരാന്‍ വഴി കടന്നു പോകേണ്ട മള്‍ട്ടി ആക്‌സില്‍ ട്രെയിലറുകള്‍, ഫ്യൂവല്‍ ബുളളറ്റുകള്‍, പത്തോ അതില്‍ കൂടുതലോ ചക്രങ്ങള്‍ ഉളള വാഹനങ്ങള്‍, 12 ടണ്ണില്‍ അധികമുളള ഹെവി വാഹനങ്ങള്‍ എന്നിവ രാവിലെ അഞ്ചു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ അധികൃതര്‍ തടയുന്നതാണ്. അഞ്ചു മണിക്ക് ശേഷം ഈ വാഹനങ്ങള്‍ക്ക് ഇത് വഴി യാത്ര അനുവദിക്കും.
സ്വകാര്യ/ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ രാവിലെ അഞ്ച് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മണ്ണുത്തി-വടക്കാഞ്ചേരി-ചേലക്കര-പഴയന്നൂര്‍ റൂട്ടില്‍ വഴി തിരിച്ചു വിടും. പാസഞ്ചര്‍ വാഹനങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍, അടിയന്തര-സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവ കുതിരാന്‍ വഴി തന്നെ യാത്ര ചെയ്യുന്നതിന് സൗകര്യം ക്രമീകരിക്കും. ആവശ്യമുളള സുരക്ഷ, ആരോഗ്യ, അടിയന്തിര അടിയന്തിര സഹായ സൗകര്യം കുതിരാന്‍ ഭാഗത്ത് ഏര്‍പ്പെടുത്തുന്നുണ്ട്.
വൈകീട്ട് അഞ്ചിന് ശേഷം നിയന്ത്രണം ഉണ്ടാവില്ല. പുഗളൂര്‍-തൃശൂര്‍ എച്ച്വിഡിസി ലൈന്‍ കമ്മീഷന്‍ ചെയ്യാന്‍ 1.2 കിലോമിറ്റര്‍ ഭൂഗര്‍ഭ കേബിള്‍ കൂടി സ്ഥാപിക്കേണ്ടതിന്റെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. 4500 കോടി രൂപ ചെലവില്‍ കമ്മീഷന്‍ ചെയ്യേണ്ടുന്ന എച്ച്വിഡിസി ലിങ്കിന്റെ ഭാഗമായുള്ള സ്റ്റേഷന്‍ തൃശൂര്‍ മാടക്കത്തറയില്‍ തയാറായി കഴിഞ്ഞു. 19,000 കോടി രൂപ ചിലവിട്ട് പൂര്‍ത്തിയായ എച്ച്വിഡിസി സംവിധാനം ഉത്തരകേരളത്തിലെ സായാഹ്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനുളള പദ്ധതിയാണ്.