കാശില്ലാതെ വല്ലാതെ ബുദ്ധിമുട്ടനുഭിച്ച ഒരു കാലമുണ്ടായിരിന്നുവെന്ന് ടൊവീനോ
ചുരുങ്ങിയകാലം കൊണ്ട് മലയാളി പ്രേഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് ടൊവീനോ തോമസ്. തീവ്രം എന്ന ചിത്രത്തില്‍ സഹ സംവിധായകന്റെ റോളിലാണ് ടൊവീനോ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ചെഗുവേര സുരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പീന്നിടങ്ങോട്ട് മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തി. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ചാര്‍ലി എന്ന ചിത്രവും മികച്ച പ്രേക്ഷകപ്രതികരണം നേടി. പിന്നീടങ്ങോട്ട് തൊടുന്നതെല്ലാം പൊന്നാക്കി തേരോട്ടം തുടരുകയാണ് ടോവീനോ.
ഇപ്പോള്‍ തന്റെ ആദ്യകാല ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവീനോ കഴിഞ്ഞ കാല അനുഭവങ്ങള്‍ പറഞ്ഞത്. ആദ്യകാലത്ത് തന്റെ കൈയില്‍ കാശില്ലായിരുന്നുവെന്നും. ‘നയാപൈസയില്ല കയ്യില്‍ നയാ പൈസയില്ല’ അതായിരുന്നു റിങ് ടോണെന്നും താരം പറഞ്ഞു.
സൗഹൃദവും കുടംബവുമായിരുന്നു ആ സമയങ്ങളില്‍ തന്നെ സഹായിച്ചതെന്നും നടന്‍ പറഞ്ഞു. ചേട്ടന്റെ വിവാഹസമയത്ത് പണത്തിനു ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുകയുണ്ടായെന്നും താരം കൂട്ടിച്ചേര്‍ത്തു. ടൊവീനോയുടെ കല്യാണത്തിന്റെ രണ്ട് മാസം മുന്‍പായിരുന്നു നടന്റെ ചേട്ടന്റെ വിവാഹവും. ആ സമയങ്ങളില്‍ സിനിമ വരുമെന്ന പ്രതീക്ഷയില്‍ ചേട്ടന് കല്യാണത്തിന് സ്യൂട്ട് വാങ്ങികൊടുക്കാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ വിവാഹ തീയ്യതി അടുത്തിട്ടും സിനിമ ശരിയായില്ല. പിന്നീട് കൃത്യമായി എന്ന് നിന്റെ മൊയ്തീന്റെ അഡ്വാന്‍സ് ലഭിക്കുകയുണ്ടായി. തന്റെ വിജയത്തിന്റെ തുടക്കം അതായിരുന്നെന്നും നടന്‍ പറഞ്ഞു.