ദയവു ചെയ്ത് ആവേശം കൂടി ഇത്തരം ‘തീക്കളി ‘ കളിക്കരുത്; ടൊവിനോയ്ക്ക് ആരാധികയുടെ തുറന്ന കത്ത്
നടന്‍ ടൊവിനോ തോമസിന് നവാഗതനായ സ്വപ്നേഷ് സംവിധാനം ചെയ്യുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ പൊള്ളലേറ്റത് വാര്‍ത്തയായിരുന്നു. ഡ്യൂപ്പില്ലാതെ അഭിനയിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ആരുടെയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു ടൊവിനോ അപകടത്തെ കുറിച്ച് പ്രതികരിച്ചത്.
ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും ടൊവിനോ വേണ്ടെന്ന് വെക്കുകയായിരുന്നു. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ടൊവിനോ വീണ്ടും അഭിനയിച്ചു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തുതീര്‍ത്ത ശേഷമാണ് ടൊവിനോ പിന്‍വാങ്ങിയത്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ടൊവിനോയ്ക്ക് ആരാധികയെഴുതിയ തുറന്ന കത്താണ്. സിനിമ പാരഡൈസൊ ക്ലബ്ബില്‍ ആയിഷ ഹന്ന എന്ന അക്കൗണ്ടില്‍ നിന്നുമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡ്യൂപ്പുകളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. താങ്ങളുടെ ജോലി അഭിനയമാണ്. അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവുചെയ്ത് ആവേശം കൂടി ഇത്തരം തീക്കളി കളിക്കരുത്. – കുറിപ്പില്‍ പറയുന്നു.
കുറിപ്പിങ്ങനെ
പ്രിയപ്പെട്ട ടോവിനോ,
ദൈവാനുഗ്രഹം കൊണ്ട് ഇന്നലെ ഒരു അപകടത്തില്‍ നിന്ന് രക്ഷപെട്ട വിവരം അറിഞ്ഞു. അങ്ങയുടെ മേല്‍ എപ്പോഴും ആ ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട് ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.
ഒരു നായക നടന്റെ പ്രധാന കൈമുതല്‍ എന്ന് പറയുന്നത് അയാളുടെ ബാഹ്യ സൗന്ദര്യം തന്നെയാണ്. അതിനെന്തെങ്കിലും കോട്ടം തട്ടിയാല്‍ താങ്കളുടെ സിനിമ ജീവിതം വരെ തകര്‍ന്നു പോവാന്‍ സാധ്യത ഉണ്ട്.
ഡ്യൂപ്പുകള്‍ ഇത്തരം സംഘട്ടന രംഗങ്ങള്‍ ചെയ്തും അപകടങ്ങള്‍ തരണം ചെയ്തും വളരെയേറെ പ്രവര്‍ത്തി പരിചയമുള്ളവരാണ്. അവരുടെ ജോലി ചെയ്യാന്‍ അവരെ അനുവദിക്കൂ. താങ്കളുടെ ജോലി അഭിനയമാണ്. താങ്കള്‍ അത് വൃത്തിയായി ചെയ്യുന്നുമുണ്ട്. ദയവു ചെയ്ത് ആവേശം കൂടി ഇത്തരം ‘തീക്കളി ‘ കളിക്കരുത്. മറ്റു ചില സംഘട്ടന രംഗങ്ങള്‍ പോലെ അല്ല തീ കൊണ്ടുള്ള കളി. ഒരു ചെറിയ അപാകത പോലും താങ്കളെ ശക്തമായ രീതിയില്‍ ബാധിച്ചേക്കും.
അഭിനയത്തോടുള്ള താങ്കളുടെ ആവേശവും അഭിനിവേശവും അര്‍പ്പണബോധവും എല്ലാം മനസിലാക്കി കൊണ്ട് തന്നെ പറയുന്നു.. ഇത്തരം സാഹസികത ഭാവിയില്‍ ഒഴിവാക്കണം. നമുക്കു ആവശ്യമുള്ളത് താങ്കളിലെ നടനെയാണ്. ദൈവാനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കട്ടെ