തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും ഡാമുകള്‍ക്കു സമീപവും ജലാശയങ്ങളുടെ തീരത്തും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
ജില്ലയുടെ തീരപ്രദേശത്തും മലയോര മേഖലകളിലും ജലാശയങ്ങള്‍ക്കു സമീപമുള്ള മേഖലകളിലും അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ അനുയോജ്യമായ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.