വിനോദയാത്രയ്ക്ക് മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ടൂറിസ്റ്റ് ബസുമായി അഭ്യാസപ്രകടനം; കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് (വീഡിയോ കാണാം)
കൊല്ലം: വിനോദയാത്രയ്ക്ക് പോകും മുന്‍പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ബസുമായി അഭ്യാസപ്രകടനം. കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലാണ് നിയമലംഘനം നടന്നത്. ബസിനു പുറമെ കാറിലും ബൈക്കിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തി.
അപകടകരമായ രീതിയിലായിരുന്നു വാഹനങ്ങള്‍ ഓടിച്ചിരുന്നത്. വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. നിരവധി കുട്ടികള്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴായിരുന്നു അഭ്യാസ പ്രകടനം. അഭ്യാസ പ്രകടനം നടക്കുമ്പോള്‍ അധ്യാപകരുടെ നിയന്ത്രണം ഉണ്ടായിരുന്നില്ല.
https://youtu.be/iGgtTeiI73s
പ്ലസ്ടുവിന് വിനോദ യാത്ര പോകാന്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ച ടൂറിസ്റ്റ് ബസാണ് അഭ്യാസ പ്രകടനം നടത്തിയിരിക്കുന്നത്. വാഹന ഉടമയ്ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് മോട്ടോര്‍ വാഹന അധികൃതര്‍ അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. വാഹനത്തിന്റ രജിസ്ട്രേഷന്‍ റദ്ദാക്കും എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങിയത്.
23 നാണ് സംഭവം ഉണ്ടായത്. ടൂറിനു ശേഷം ബസ് എത്തിയാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കും. നിലവില്‍ ബസിന്റെ ഉടമയെ മോട്ടോര്‍ വാഹന വകുപ്പ് വിളിച്ചുവരുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ക്യാമ്പസില്‍ വാഹനം ഇടിച്ച് മരിച്ചശേഷം കര്‍ശനമായ നിയമങ്ങളാണ് ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്.