ഒരു തെറ്റും ചെയ്യാത്ത വീട്ടിലിരിക്കുന്ന അമ്മയെ വരെ തെറിവിളിച്ചു; വികാര ഭരിതനായി നടന്‍ ടിനി ടോം
പ്രളയ ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നടന്‍ ടിനി ടോം. താരസംഘടനയായ അമ്മ നല്‍കിയത് അഞ്ച് കോടിയല്ലെന്നും അഞ്ച് കോടി 90 ലക്ഷമാണെന്നും ടിനി ടോം പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത വീട്ടിരിക്കുന്ന അമ്മയെ വരെ തെറിവിളിച്ച സംഭവമുണ്ടായെന്നും ടിനി ടോം പറഞ്ഞു. ഡിജെ സാവിയോയും സംഘവും നടത്തുന്ന ദുരിതാശ്വസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാന്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് താരത്തിന്റെ പ്രതികരണം.
താരസംഘടനയായ ‘അമ്മ’ അഞ്ച് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്നും പണം എന്ത് ചെയ്തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ധര്‍മജനെ പിന്തുണച്ചുകൊണ്ടായിരുന്നു ടിനി ടോമിന്റെ പ്രതികരണം. സൈബറിടത്തില്‍ രൂക്ഷമായ ഭാഷയിലാണ് ഇരുവര്‍ക്കുമെതിരെ പ്രതികരണമുയര്‍ന്നത്. അഞ്ചു കോടി നല്‍കിയിരുന്നില്ലെന്നും അത്രയും പണം നല്‍കിയെന്നത് വെറും തള്ളാണെന്നും ആരോപിച്ച് നിരവധി പോസ്റ്റുകളും പുറത്തുവന്നു. ഇതോടെയാണ് ടിനി ടോം കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
‘അമ്മ’ കൊടുത്തത് അഞ്ച് കോടിയല്ല, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. ഇത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. പ്രളയം അനുഭവിച്ച ആളാണ് താന്‍. വീടില്ലാത്തവര്‍ക്ക് വീട് ലഭിക്കണം. പല രീതിയില്‍ ആളുകള്‍ തനിക്കെതിരെ പ്രതികരിച്ചു. തന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല. തന്റെ പ്രവര്‍ത്തനം ഇനിയും തുടരും. ഒരിക്കലും കണക്ക് പറഞ്ഞതല്ലെന്നും അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന അറിയൂ എന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.