ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി ടിക്ക് ടോക്ക്. നിലപാടുകള്‍ വിശദീകരിക്കാന്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ അവസരം തന്നിട്ടുണ്ടെന്നും ടിക്ക് ടോക്ക് വിശദീകരണത്തില്‍ പറയുന്നു.
തങ്ങള്‍ ഇന്റര്‍നെറ്റിനെ ജനാധിപത്യവത്കരിച്ചതായും 14 ഇന്ത്യന്‍ ഭാഷകളിലൂടെ സാര്‍വത്രികമായി വിവിധ മേഖലയിലെ ജനങ്ങള്‍ക്ക് അവരുടെ ആവിഷ്‌കാരങ്ങള്‍ക്ക് പ്‌ളാറ്റ് ഫോം ഒരുക്കിയതായും ടിക്ക് ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി വിശദീകരണത്തില്‍ പറയുന്നു.
ഇന്ത്യന്‍ നിയമം അനുശാസിക്കും വിധം ഡാറ്റ പ്രൈവസിയും സെക്യൂരിറ്റിയും ഉറപ്പാക്കിക്കൊണ്ടാണ് ടിക്ക് ടോക്കിന്റെ പ്രവര്‍ത്തനമെന്ന് നിഖില്‍ ഗാന്ധി അവകാശപ്പെട്ടു. ചൈനീസ് ഗവണ്‍മെന്റിനോ മറ്റേതെങ്കിലും വിദേശ ഗവണ്‍മെന്റുകള്‍ക്കോ ഇന്ത്യക്കാരുടെ യാതൊരു വിവരവും ടിക്ക് ടോക്ക് കൈമാറിയിട്ടില്ല.