25.5 C
Kottayam
Saturday, May 18, 2024

വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു; കടുവയ്ക്കായി വ്യാപക തെരച്ചില്‍

Must read

തിരുവനന്തപുരം: വയനാട്ടില്‍ നിന്നു പിടികൂടി തിരുവനന്തപുരത്ത് എത്തിച്ച പത്ത് വയസ് പ്രായമുള്ള പെണ്‍കടുവ കൂടു പൊളിച്ച് രക്ഷപ്പെട്ടു. തിരുവനന്തപുരം നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നാണ് കടുവ രക്ഷപ്പെട്ടത്. കൂടിന്റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷപ്പെട്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടുവയ്ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ രാവിലെയാണ് കടുവയെ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ചത്. വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളില്‍ ഭീതി പടര്‍ത്തിയ കടുവ മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പിന്റെ കെണിയില്‍ വീണത്. വയനാട്ടില്‍ വച്ച് പത്തോളം ആടുകളെ പിടിച്ച് കൊന്നു തിന്ന കടുവ അക്രമസ്വഭാവം കാണിച്ചിരുന്നു. അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നല്‍കിയ ശേഷം കാട്ടിലേക്ക് തിരിച്ചയക്കാന്‍ ആയിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്.

ട്രീറ്റ്‌മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടിരിക്കുന്നത്. കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ തന്നെയുണ്ടാവുമെന്നും ഇവിടം വിട്ട് ജനവാസ മേഖലയിലേക്ക് പോകാന്‍ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടുവയെ കണ്ടെത്താനായി ഡ്രോണ്‍ ക്യാമറയടക്കമുള്ള സംവിധാനങ്ങള്‍ പാര്‍ക്കില്‍ എത്തിച്ചിട്ടുണ്ട്.

നെയ്യാര്‍ സഫാരി പാര്‍ക്കിലുള്ള രണ്ട് സിംഹങ്ങളും സുരക്ഷതിരാണെന്നും അവ രണ്ടും കൂട്ടിലുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നു വെറ്റിനറി ഡോക്ടര്‍ അടക്കമുളള സംഘം നെയ്യാറിലെത്തുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week